റാസൽഖൈമയിൽ ഹൈലാൻഡർ ഹൈക്കിങ് ചലഞ്ച് നവംബർ 21, 22 തീയതികളിൽ നടക്കും
റാസൽഖൈമയിലെ സാഹസിക വിനോദ സഞ്ചാരികൾക്കായി ഹൈലാൻഡർ ഹൈക്കിങ് ചലഞ്ച് നവംബർ 21, 22 തീയതികളിൽ സംഘടിപ്പിക്കുന്നു. ജബൽ ജൈസിനോട് ചേർന്നുനിൽക്കുന്ന യബാന താഴ്വരയിലെ വാദികളും മലഞ്ചെരുവുകളും കേന്ദ്രീകരിച്ച് നടത്തുന്ന 'സമ്മിറ്റ് സീരീസ്' ആണ് ഇത്തവണത്തെ പ്രധാന ആകർഷണം.
രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കാവുന്ന 15 കിലോമീറ്റർ ട്രക്കിങ്, ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന 7 കിലോമീറ്റർ ഹൈക്കിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് ചലഞ്ചിലുള്ളത്. ജബൽ ജൈസിന് സമീപമുള്ള വാദി ഖമ്മദ്, പരിസരത്തെ പർവത ഗ്രാമങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും യാത്ര. ദീർഘദൂര നടപ്പിനേക്കാൾ കുത്തനെയുള്ള കയറ്റങ്ങൾക്കും പാറക്കെട്ടുകൾ നിറഞ്ഞ വെല്ലുവിളി ഉയർത്തുന്ന പാതകൾക്കുമാണ് ഈ സമ്മിറ്റ് സീരീസിൽ മുൻഗണന നൽകിയിരിക്കുന്നത്.
രജിസ്ട്രേഷൻ വിവരങ്ങൾ:
- വെബ്സൈറ്റ്: rak@highlanderadventure.com
- ഫീസ്: ഏകദിന വിഭാഗത്തിന് 250 ദിർഹം, രണ്ടു ദിവസത്തെ വിഭാഗത്തിന് 550 ദിർഹം.
പങ്കെടുക്കുന്നവർക്ക് ആവശ്യമായ ട്രെയിൽ പിന്തുണയും മെഡിക്കൽ-ലോജിസ്റ്റിക്സ് സൗകര്യങ്ങളും സംഘാടകരായ ഹൈലാൻഡർ അഡ്വഞ്ചർ ടീം ഉറപ്പുനൽകുന്നുണ്ട്.
- രണ്ടു ദിവസത്തെ പാക്കേജ്: ഒരു രാത്രി ക്യാമ്പിങ്, നാല് നേരത്തെ ഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
- ഏകദിന പാക്കേജ്: രണ്ടു നേരത്തെ ഭക്ഷണവും ലഘുഭക്ഷണങ്ങളും ലഭിക്കും.
- മറ്റ് സൗകര്യങ്ങൾ: ഈവന്റ് കിറ്റ്, ബിബ് നമ്പർ, GPX റൂട്ട് ട്രാക്ക്, അച്ചടിച്ച റൂട്ട് മാപ്പ്, പരിശീലന ശിൽപശാലകൾ, ഫിനിഷർ സർട്ടിഫിക്കറ്റ് എന്നിവ ഇരു വിഭാഗങ്ങളിലെയും മത്സരാർത്ഥികൾക്ക് ലഭ്യമാക്കും.
റൂട്ട് വിശദാംശങ്ങൾ:
- 15 കിലോമീറ്റർ വിഭാഗം (നവംബർ 21, 22): നവംബർ 21-ന് ആരംഭിക്കുന്ന ഈ ട്രക്കിങ്ങിൽ 845 മീറ്ററോളം ഉയരം കയറേണ്ടതുണ്ട്. പാതയുടെ പരമാവധി ഉയരം ഏകദേശം 1,190 മീറ്ററാണ്. ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കുന്നത് 1,050 മീറ്റർ ഉയരത്തിലുള്ള മലത്തട്ടിലെ ക്യാമ്പിലാണ്. രണ്ടാം ദിവസം ഇടുങ്ങിയ വഴികളും പാറക്കെട്ടുകളും പിന്നിട്ട് വാദി ഖമ്മദിൽ എത്തിച്ചേരുന്നതോടെ ട്രക്കിങ് അവസാനിക്കും.
- 7 കിലോമീറ്റർ വിഭാഗം (നവംബർ 22): ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ഈ വൃത്താകൃതിയിലുള്ള പാതയിൽ 400 മീറ്റർ ഉയരം കയറേണ്ടി വരും. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വഴികളാണ് ഇവിടെയുള്ളത്.
