ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ലക്ഷ്യമിടാൻ ഇനി ഒന്നുമില്ലെന്ന് ഡൊണാൾഡ് ട്രംപ്
ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും തകർത്തതായും ഇനി ലക്ഷ്യമിടാൻ അവിടെ കാര്യമായി ഒന്നുമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ മാധ്യമമായ 'Axios'-ന് നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന.
"എപ്പോൾ വേണമെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കാൻ എനിക്ക് സാധിക്കും, അത് ഉടൻ അവസാനിക്കുകയും ചെയ്യും," ട്രംപ് പറഞ്ഞു. യുദ്ധം നിലവിൽ വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ആറ് ആഴ്ച നീണ്ടുനിൽക്കുമെന്ന് കരുതിയ പോരാട്ടം ഇപ്പോൾ തന്നെ നിശ്ചയിച്ചതിലും കൂടുതൽ നാശനഷ്ടങ്ങൾ ഇറാനുണ്ടാക്കി കഴിഞ്ഞു. നിശ്ചയിച്ച സമയപരിധിയേക്കാൾ ഏറെ മുന്നിലാണ് തങ്ങളെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാൻ ഇസ്രായേലിനെയും അമേരിക്കയെയും മാത്രമല്ല, പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളെയും നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. കഴിഞ്ഞ 47 വർഷമായി അവർ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് ഇപ്പോൾ വില നൽകേണ്ടി വരികയാണ്. അവർക്ക് അത്ര എളുപ്പത്തിൽ ഈ തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ സൈനിക ശേഷിയും ആണവ പദ്ധതികളും തകർക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാഴ്ച മുമ്പാണ് യുഎസ്-ഇസ്രായേൽ സഖ്യം സംയുക്ത ആക്രമണം ആരംഭിച്ചത്.
