വാഹനങ്ങൾക്ക് മുകളിലെ ലഗേജ് ഉയരം 60 സെന്‍റീമീറ്ററിൽ കൂടരുത്; കർശന നിർദ്ദേശവുമായി യു.എ.ഇ
യു.എ.ഇയിൽ റോഡ് മാർഗം യാത്ര ചെയ്യുന്ന വാഹനങ്ങളുടെ മുകളിൽ കയറ്റുന്ന ലഗേജുകളുടെ പരമാവധി ഉയരം 60 സെന്‍റീമീറ്റർ ആയി പരിമിതപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രൈവർമാർ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിർദ്ദേശം. വേനൽക്കാലത്ത് റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിനുമായി ഫെഡറൽ മന്ത്രാലയം 2026-ലെ തങ്ങളുടെ മൂന്നാമത് ട്രാഫിക് കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്.
‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച ഈ പദ്ധതി മൂന്ന് മാസക്കാലം നീണ്ടുനിൽക്കും. സ്കൂൾ വേനൽ അവധിക്കാലവും വിനോദയാത്രകളും ആരംഭിക്കുന്ന സമയമായതിനാൽ റോഡുകളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. നിശ്ചിത പരിധിയിൽ കൂടുതൽ ലഗേജ് കയറ്റുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതിനും വലിയ അപകടങ്ങൾക്കും കാരണമാകുമെന്നതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഡ്രൈവർമാരിലും ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ കാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.
