പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാന്റെ ഡ്രോൺ-റഡാർ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം, തിരിച്ചടിച്ചെന്ന് ഐ.ആർ.ജി.സി

  1. Home
  2. International

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാന്റെ ഡ്രോൺ-റഡാർ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം, തിരിച്ചടിച്ചെന്ന് ഐ.ആർ.ജി.സി

trump  


പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ അതിശക്തമായ ആക്രമണം. ഇറാന്റെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. എന്നാൽ, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അക്രമണോത്സുകമായ നടപടികൾക്കെതിരെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് യു.എസ് സൈന്യം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ടും വെടിനിർത്തലുമായി ബന്ധപ്പെട്ടും നിർണ്ണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്.

ഡ്രോൺ വെടിവെച്ചിട്ടതിന് യു.എസിന്റെ മറുപടി

അമേരിക്കയുടെ അത്യാധുനിക ഡ്രോണുകളിൽ ഒന്നായ 'എംക്യു 1 പ്രിഡേറ്റർ' (MQ-1 Predator) ഇറാൻ തകർത്തതിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് യു.എസ് സൈന്യം സ്ഥിരീകരിച്ചു. വരാന്ത്യത്തിൽ ഇറാന്റെ ഗൊരുക്കിലും ഖ്വഷം ദ്വീപിലുമുള്ള ഡ്രോൺ, റഡാർ സംവിധാനങ്ങൾക്ക് നേരെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) സ്വയം പ്രതിരോധാക്രമണം നടത്തിയതായി ഔദ്യോഗികമായി എക്‌സിൽ (X) കുറിച്ചു.

എന്നാൽ, യു.എസ് ഡ്രോൺ തങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തി ലംഘിച്ച് പ്രകോപനപരമായ കടന്നുകയറ്റം നടത്തിയതിനാലാണ് അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ച് അതിനെ വെടിവെച്ചിട്ടതെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വ്യക്തമാക്കുന്നത്.

യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ; കുവൈത്തിൽ ജാഗ്രത

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, ഇറാനെ ആക്രമിക്കാൻ യു.എസ് ഉപയോഗിച്ച വ്യോമതാവളത്തിന് നേരെ തങ്ങൾ തിരിച്ചടിച്ചതായി ഐ.ആർ.ജി.സി അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യത്തുള്ള യു.എസ് താവളമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് വെളിപ്പെടുത്താൻ ഇറാൻ തയ്യാറായിട്ടില്ല.

തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി കുവൈത്ത് സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ അവകാശവാദം പുറത്തുവരുന്നത്. ഡ്രോണുകളെയും മിസൈലുകളെയും ചെറുക്കാൻ കുവൈത്ത് സജ്ജമാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഇസ്രയേലിൽ സൈറണുകൾ; ഇറാന്റെ ഭൂഗർഭ മിസൈൽ ശൃംഖല സജീവം

അതിനിടെ, വടക്കൻ ഇസ്രയേലിലെ പടിഞ്ഞാറേ ഗലീലി മേഖല, കിര്യത്ത് ഷ്മോണ പട്ടണം എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയതായി വൈനെറ്റ് (Ynet) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ഇസ്രയേലിന് നേരെയും ആക്രമണം നടത്തിയതായാണ് സൂചന.

മുമ്പ് അമേരിക്കയും ഇസ്രയേലും ചേർന്ന് തകർത്ത ഇറാന്റെ ഭൂഗർഭ മിസൈൽ ശൃംഖലയുടെ വലിയൊരു ഭാഗം മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇറാൻ പുനർനിർമിച്ചതായി സി.എൻ.എൻ (CNN) ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്ത് റിപ്പോർട്ട് ചെയ്തു. യു.എസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ തകർന്ന 69 ഭൂഗർഭ മിസൈൽ അറകളിൽ 50 എണ്ണവും ഇറാൻ ഇപ്പോൾ വീണ്ടും തുറന്ന് സജ്ജമാക്കിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.