ഖത്തറിൽ പാർക്കിങ് നിരോധിത മേഖലകൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് കനത്ത പിഴയും തടവുശിക്ഷയും
ഖത്തറിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ നിർത്തിയിടാനോ പാടില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. 2026-ലെ ട്രാഫിക് നിയമം നമ്പർ 19-ലെ ആർട്ടിക്കിൾ 85 പ്രകാരം നിയമം ലംഘിക്കുന്നവർ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആർട്ടിക്കിൾ 111 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവോ, 10,000 റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാവുന്നതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശപ്രകാരം കാൽനട യാത്രക്കാർക്കുള്ള സീബ്രാ ക്രോസിങ്ങുകളിലും നടപ്പാതകളിലും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. റോഡ് ജങ്ഷനുകളുടെയും കവലകളുടെയും 15 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വീടുകൾ, വസ്തുവകകൾ എന്നിവയുടെ പ്രവേശന കവാടങ്ങൾക്കും എക്സിറ്റുകൾക്കും മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ശിക്ഷാർഹമാണ്.
പാർക്ക് ചെയ്തിരിക്കുന്ന മറ്റ് വാഹനങ്ങളുടെ നീക്കത്തിന് തടസ്സമാകുന്ന രീതിയിലുള്ള പാർക്കിങ് അനുവദിക്കില്ല. ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള പ്രത്യേക പാർക്കിങ് ഇടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ ഇടാൻ പാടില്ല. കൂടാതെ, അടിയന്തര ആവശ്യങ്ങൾക്കുള്ള ഫയർ ഹൈഡ്രന്റുകൾക്കും ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾക്കും സമീപമുള്ള സ്ഥലങ്ങളിലും പാർക്കിങ് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
