പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട നഗരം; ആഗോള പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി റാസൽഖൈമ
ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ നഗരമെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി യു.എ.ഇയിലെ റാസൽഖൈമ. ഇന്റർനേഷൻസ് (InterNations) പ്രസിദ്ധീകരിച്ച 2026-ലെ 'എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിൽ' ലോകത്തെ 33 പ്രമുഖ നഗരങ്ങളെ പിന്തള്ളിയാണ് റാസൽഖൈമ ഒന്നാമതെത്തിയത്. 2024-ലെ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്ന എമിറേറ്റാണ് ഇത്തവണ വൻ കുതിച്ചുചാട്ടം നടത്തി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. 162 രാജ്യങ്ങളിൽ നിന്നുള്ള 8,000 പ്രവാസികൾ പങ്കെടുത്ത 'എക്സ്പാറ്റ് ഇൻസൈഡർ' സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത്.
പ്രധാന വിഭാഗങ്ങളിലെല്ലാം ഒന്നാമത്
പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനുള്ള സൗകര്യം, തൊഴിൽ, സാമ്പത്തിക ഭദ്രത, ജീവിത നിലവാരം തുടങ്ങിയ ഘടകങ്ങളാണ് സർവേയിൽ വിലയിരുത്തിയത്. പ്രവാസജീവിതവുമായി പൊരുത്തപ്പെടാനുള്ള സാഹചര്യം, തൊഴിൽ, ദൈനംദിന ജീവിതത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലും റാസൽഖൈമ ഒന്നാം സ്ഥാനത്തെത്തി. വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും ജീവിത സന്തോഷത്തിലും രണ്ടാം സ്ഥാനവും എമിറേറ്റ് കരസ്ഥമാക്കി.
84 ശതമാനം പ്രവാസികളും പൂർണ്ണ സംതൃപ്തർ
റാസൽഖൈമയിലെ ജീവിതത്തിൽ 84 ശതമാനം പ്രവാസികളും സംതൃപ്തരാണെന്നാണ് സർവേയിലെ കണ്ടെത്തൽ (ആഗോള ശരാശരി 70 ശതമാനം). ഇതിൽ 45 ശതമാനം പേർ പൂർണ്ണമായും സന്തുഷ്ടരാണെന്ന് അഭിപ്രായപ്പെട്ടു. തദ്ദേശീയരുടെ സൗഹൃദപരമായ പെരുമാറ്റത്തിന് 86 ശതമാനം പ്രവാസികളും മികച്ച അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ, പ്രാദേശിക സംസ്കാരവുമായി ഇണങ്ങിച്ചേരാൻ എളുപ്പമാണെന്ന് 80 ശതമാനം പേർ വ്യക്തമാക്കി. പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ എളുപ്പമാണെന്ന് 64 ശതമാനം പേരും അഭിപ്രായപ്പെട്ടു.
തൊഴിലവസരങ്ങളിലും സാമ്പത്തിക ഭദ്രതയിലും മുന്നേറ്റം
എമിറേറ്റിലേക്ക് താമസം മാറിയതോടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെട്ടതായി ജോലി ചെയ്യുന്ന പ്രവാസികളിൽ 85 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നു. റാസൽഖൈമയിലെ സമ്പദ്വ്യവസ്ഥയെ 90 ശതമാനം പ്രവാസികളും അനുകൂലമായാണ് വിലയിരുത്തിയത്. ജോലി ചെയ്യുന്ന പ്രവാസികളിൽ 22 ശതമാനം പേർ സ്വന്തമായി ബിസിനസ് നടത്തുന്നവരാണെന്നതും ശ്രദ്ധേയമാണ്; ഇത് ആഗോള ശരാശരിയായ എട്ട് ശതമാനത്തിന്റെ ഏകദേശം മൂന്നിരട്ടിയാണ്. സുഖകരമായ ജീവിതം നയിക്കാൻ ആവശ്യമായതും അതിലധികവും കുടുംബവരുമാനത്തിൽ മിച്ചം ലഭിക്കുന്നുണ്ടെന്ന് 85 ശതമാനം പേർ വ്യക്തമാക്കി.
വിസ, താമസ സൗകര്യങ്ങളും സുരക്ഷയും
വിസ നടപടികൾ എളുപ്പമാണെന്ന് 86 ശതമാനം പേരും, താമസ സൗകര്യം കണ്ടെത്താൻ പ്രയാസമില്ലെന്ന് 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. വീടുകളുടെ വാടകയും താമസച്ചെലവും താങ്ങാനാകുന്നതാണെന്ന് 69 ശതമാനം പേർ വ്യക്തമാക്കിയപ്പോൾ, ആഗോള ശരാശരി 32 ശതമാനം മാത്രമാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച റാസൽഖൈമ, സുരക്ഷാ വിഭാഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനം നേടി. വ്യക്തിഗത സുരക്ഷയിൽ 94 ശതമാനം പ്രവാസികളും പൂർണ്ണ തൃപ്തി രേഖപ്പെടുത്തി.
എമിറേറ്റിന്റെ ജീവിത നിലവാരത്തിനുള്ള അംഗീകാരം
റാസൽഖൈമയുടെ ഈ നേട്ടം എമിറേറ്റിൽ ജീവിക്കുന്നവരുടെ അനുഭവങ്ങളുടെയും അഭിപ്രായങ്ങളുടെയും അംഗീകാരമാണെന്ന് റാക് ഗവ. മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഹെബ ഫത്താനി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് ആദ്യ ദിവസം മുതൽ തന്നെ ഊഷ്മളമായ സ്വീകരണവും സുരക്ഷിതത്വവും അനുഭവപ്പെടുന്നതിനാലാണ് പലരും ഇവിടെ തുടരാൻ ആഗ്രഹിക്കുന്നത്. പ്രവാസികൾക്കിടയിലെ ഉയർന്ന സംതൃപ്തി എമിറേറ്റിന്റെ മികച്ച ജീവിത നിലവാരത്തിന്റെ തെളിവാണെന്ന് റാക് ഗവ. മീഡിയ ഓഫീസിലെ പ്രത്യേക പദ്ധതികളുടെ മേധാവി റൂബ സെയ്ദാനും ചൂണ്ടിക്കാട്ടി.
