ഇഖാമയിലെ പേര് മാറ്റം ഇനി വിരൽത്തുമ്പിൽ; 'മുഖീം' വഴി തിരുത്താനുള്ള ഡിജിറ്റൽ വഴികളുമായി ജവാസത്

  1. Home
  2. International

ഇഖാമയിലെ പേര് മാറ്റം ഇനി വിരൽത്തുമ്പിൽ; 'മുഖീം' വഴി തിരുത്താനുള്ള ഡിജിറ്റൽ വഴികളുമായി ജവാസത്

saudi iqama


സൗദി അറേബ്യയിലെ വിദേശി ജീവനക്കാരുടെ തിരിച്ചറിയൽ രേഖയായ ‘ഇഖാമ’യിലെ (Iqama) പേര്​ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി പാസ്​പോർട്ട്​ ജനറൽ ഡയറക്​ടറേറ്റ്​ (ജവാസത്​).​ തൊഴിൽ സ്ഥാപനങ്ങൾക്കാണ്​ അവരുടെ കീഴിലുള്ള ജീവനക്കാരുടെ ഇഖാമയിലെ പേര് ഓൺലൈനായി തിരുത്താൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനായി ജവാസത്തിന്റെ ഔദ്യോഗിക ‘മുഖീം’ (Muqeem) പോർട്ടൽ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. പേര് തിരുത്തുന്നതിനും പുതുക്കിയ ഇഖാമ പ്രിന്റ് ചെയ്​ത്​ വാങ്ങുന്നതിനും ഈ പോർട്ടൽ വഴി സാധിക്കുമെന്ന് ജവാസത് വ്യക്തമാക്കി.

സ്ഥാപനങ്ങൾക്കായി ജവാസാത് ഒരുക്കിയിട്ടുള്ള ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഇലക്ട്രോണിക് സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഇഖാമയിലെ പേര് തിരുത്തുന്നതിനായുള്ള ഘട്ടങ്ങളും ജവാസാത് ഔദ്യോഗികമായി വിശദീകരിച്ചു:

  • സ്റ്റെപ്പ് 1: സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തി ആദ്യം 'മുഖീം' പോർട്ടലിൽ ലോഗിൻ ചെയ്യുക.

  • സ്റ്റെപ്പ് 2: പോർട്ടലിൽ ജീവനക്കാരന്റെ ഇഖാമ നമ്പർ നൽകി തിരച്ചിൽ നടത്തുക.

  • സ്റ്റെപ്പ് 3: ജീവനക്കാരന്റെ പ്രൊഫൈൽ ഓപ്പൺ ചെയ്ത്, അതിലെ ‘പാസ്‌പോർട്ട് സേവനങ്ങൾ’ (Passport Services) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • സ്റ്റെപ്പ് 4: ഈ വിഭാഗത്തിൽ നിന്ന് വിവർത്തനം ചെയ്ത പേര് തിരുത്തുന്നതിനുള്ള (Translate Name Change) സേവനം തിരഞ്ഞെടുത്ത് നടപടികൾ പൂർത്തിയാക്കാം.

ഈ ഇലക്ട്രോണിക് സേവനം നിലവിലുള്ള അംഗീകൃത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് ജവാസാത് വ്യക്തമാക്കി. വിസ, താമസ രേഖാ ഇടപാടുകൾ കൂടുതൽ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനും സമയലാഭത്തിനും ഇത്തരം ഡിജിറ്റൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജവാസാത് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.