ഒമാനിലെ സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് പദ്ധതിയുടെ പുതിയ പാത ഗതാഗതത്തിന് തുറന്നു
ഒമാനിലെ സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ (ഫേസ് 2) പാർട്ട് രണ്ടായ ഏഴ് കിലോമീറ്റർ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഈ നിർണായക പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ കാമിൽ വൽ വാഫി, സൂർ വിലായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ റൂട്ട്. മസ്‌ലഖിൽ നിന്ന് ആരംഭിച്ച് റോയൽ ആർമി ഓഫ് ഒമാൻ ക്യാമ്പിന് സമീപമുള്ള സൈഹുൽ മതാർ വരെയാണ് ഈ പാത നീളുന്നത്.
പുതിയ റോഡ് നിലവിൽ വന്നതോടെ അൽ കാമിൽ, അൽ വാഫി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൂർ ഗേറ്റ് വഴി സുഗമമായി കടന്നുപോകാൻ സാധിക്കും. പാത ഗതാഗതത്തിന് സജ്ജമായതോടെ ഈ മേഖലയിൽ അനുഭവപ്പെട്ടിരുന്ന കടുത്ത ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് കരുതുന്നത്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും വിവിധ വിലായത്തുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപ്രധാനമായ പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്.
മേഖലയിലെ സാമ്പത്തിക, വിനോദസഞ്ചാര, വികസന പ്രവർത്തനങ്ങൾക്ക് ഈ പുതിയ പാത വലിയ ഉണർവേകും. അത്യാധുനിക എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണ് ഈ ഇരട്ടപ്പാത (ഡ്യുവൽ കാരേജ്‌വേ) നിർമ്മിച്ചിരിക്കുന്നത്. റോഡിന്റെ ചില ഭാഗങ്ങളിൽ ഇരുവശങ്ങളിലേക്കുമായി മൂന്ന് വരി പാതകൾ വീതമുണ്ട്. കൂടാതെ ഫ്ലൈഓവറുകൾ, വാദി ക്രോസിങ്ങുകൾ, അടിപ്പാതകൾ (തുരങ്കങ്ങൾ), കൾവർട്ടുകൾ എന്നിവയും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. സ്റ്റീൽ-കോൺക്രീറ്റ് ബാരിയറുകൾ, ആധുനിക മുന്നറിയിപ്പ് - ദിശാ സൂചക ബോർഡുകൾ, കൃത്യമായ റോഡ് മാർക്കിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും പുതിയ പാതയിൽ പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
