'നുസ്‌ക്' ആപ്പ് ഉപയോക്താക്കളുടെ എണ്ണം അഞ്ചുകോടി കവിഞ്ഞു
ഹജ്ജ്-ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കുമായി സൗദി അറേബ്യ പുറത്തിറക്കിയ 'നുസ്‌ക്' (Nusuk) ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുതിയ റെക്കോർഡിലേക്ക്. ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി അഞ്ചുകോടി പിന്നിട്ടതായി സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. നിലവിൽ അഞ്ചുകോടി ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നത്. മദീനയിൽ നടന്ന 'ഉംറ ആൻഡ് സിയാറ ഫോറ'ത്തിന്റെ മൂന്നാം പതിപ്പിലാണ് അദ്ദേഹം ഈ നേട്ടം പ്രഖ്യാപിച്ചത്.
തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾ നേടുന്നതിനും മദീന മസ്ജിദുന്നബവിയിലെ 'റൗദ ശരീഫ്' സന്ദർശനത്തിന് അനുമതി തേടുന്നതിനും നുസ്‌ക് ആപ്പ് നിർബന്ധമാണ്. യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന 130-ലധികം ഡിജിറ്റൽ സേവനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്നത്. ഇതോടൊപ്പം ഇരു ഹറമുകളിലെയും തിരക്ക് പരിശോധിക്കാനും സന്ദർശകർക്ക് ആവശ്യമായ മറ്റ് പിന്തുണ ഉറപ്പാക്കാനും ആപ്പ് സഹായിക്കുന്നുണ്ട്.
തീർത്ഥാടകർക്കും ഏജൻസികൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് നുസ്‌ക് വികസിപ്പിച്ചിരിക്കുന്നത്. സേവനങ്ങൾ ലളിതമാക്കുന്നതിലൂടെ തീർത്ഥാടന അനുഭവം മെച്ചപ്പെടുത്താൻ സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ വലിയ മുന്നേറ്റമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
