വത്തിക്കാന് ചുറ്റും മതിൽ കെട്ടി ഉയർത്തിയ പോപ്പ് അമേരിക്കയിലെ നാടുകടത്തലിനെ വിമർശിക്കരുത്; മാർപ്പാപ്പക്കെതിരെ ടോം ഹോമൻ

ഫ്രാൻസിസ് മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കയിലെ അതിർത്തിരക്ഷാ ചുമതലയുള്ള ടോം ഹോമൻ. വത്തിക്കാന് ചുറ്റും മതിൽ കെട്ടി ഉയർത്തിയ പോപ്പിന്, അമേരിക്കയിലെ നാടുകടത്തലിനെ കുറ്റപ്പെടുത്താനാകില്ല. കത്തോലിക്ക സഭയിലെ പ്രശ്നങ്ങൾ തീർക്കാനാണ് പോപ്പ് ആദ്യം ശ്രമിക്കേണ്ടതെന്നും ടോം ഹോമൻ പറഞ്ഞു.
കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്‍റെ തീരുമാനത്തെ വിമർശിച്ച് മാർപ്പാപ്പ നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് മാർപ്പാപ്പയ്ക്കെതിരെ ടോം ഹോമൻ രംഗത്തെത്തിയത്. വത്തിക്കാന് ചുറ്റും മതിലുണ്ട്. അവിടെ നിയമവിരുദ്ധമായി പ്രവേശിച്ചാൽ ഗുരുതര കുറ്റകൃത്യമാണ്. ഗുരുതരമായ കുറ്റം ചുമത്തി ജയിലിലടയ്ക്കും. വത്തിക്കാനെ സംരക്ഷിക്കാൻ മതിൽ കെട്ടാം. പക്ഷേ അമേരിക്കക്കാർ അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് പോപ്പ് പറയുന്നതെന്ന് ടോം ഹോമൻ വിമർശിച്ചു. കത്തോലിക്കാ സഭയ്‌ക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലാണ് മാർപ്പാപ്പ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ടോം ഹോമൻ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ മുൻപും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിട്ടുണ്ട്. യുഎസ്-മെക്‌സിക്കോ അതിർത്തി മതിൽ പണിയാൻ ട്രംപ് തീരുമാനിച്ചപ്പോഴും പോപ്പ് വിമർശിച്ചിരുന്നു. നാട് കടത്തൽ മോശം പ്രവൃത്തിയെന്നാണ് പോപ്പ് വിശേഷിപ്പിച്ചത്. ഇങ്ങനെയല്ല പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടം നാടുകടത്തൽ തീരുമാനം നടപ്പാക്കി ആദ്യ ദിവസം 538 പേരെയും രണ്ടാം ദിവസം 593 പേരെയും അറസ്റ്റ് ചെയ്തു. അവരിൽ ചിലരെ സൈനിക വിമാനങ്ങളിൽ രാജ്യത്ത് നിന്നും പുറത്താക്കി. ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയാണ് നടപ്പാക്കുന്നതെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. ഈ നയങ്ങൾ മനുഷ്യത്വരഹിതമാണെന്നും അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും രാജ്യത്തിനകത്ത് വിമർശനമുയരുന്നുണ്ട്. മറുവശത്ത് ദേശീയ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കാൻ ഇത്തരം നടപടികൾ വേണമെന്നാണ് വാദം