റെയിൽവേ സ്റ്റേഷനും പാലങ്ങളും തകർത്തു; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി യുഎസ്
പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഇറാനിലെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം കടുപ്പിച്ചു. ദക്ഷിണ ഇറാനിലെ തന്ത്രപ്രധാനമായ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ട് പ്രമുഖ പാലങ്ങൾ എന്നിവയ്ക്ക് നേരെ യുഎസ് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലകളിലാണ് ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്.
തുടർച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനിൽ ആക്രമണം നടത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. പാലങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ഇറാന്റെ ഏക സിവിലിയൻ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹർ നഗരത്തിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. അഹ്വാസിലെ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ മറ്റ് ഗൾഫ് സഖ്യകക്ഷികളായ കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയപ്പോൾ, ബഹ്‌റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇതോടെ കടുത്ത യുദ്ധപ്രതീതിയാണ് നിലനിൽക്കുന്നത്. മേഖലയിൽ നിന്ന് യുഎസ് സൈന്യം പൂർണ്ണമായി പിന്മാറണമെന്നും തങ്ങൾ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഇറാൻ സൈനിക വക്താവ് അറിയിച്ചു. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിച്ച യുഎസ് നടപടിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ ഇറാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസ് ആക്രമണങ്ങളിൽ മുപ്പതോളം പേർ ഇറാനിൽ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ.
ഇറാൻ നേരത്തെയുണ്ടായ താൽക്കാലിക കരാറുകളിൽ നിന്ന് പിന്നോട്ട് പോയതിനാലാണ് ഈ പ്രത്യാഘാതമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അതേസമയം തന്നെ ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ഇരുവിഭാഗവും അക്രമം അവസാനിപ്പിച്ച് ചർച്ചകൾ പുനരാരംഭിക്കണമെന്ന് പാകിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
