അൽ അൻസബ് പാലത്തിന് സമീപം റോഡ് ഭാഗികമായി അടക്കും; അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
ഒമാനിലെ അൽ അൻസബ് പാലത്തിന് സമീപം മസ്‌കത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റിയും റോയൽ ഒമാൻ പോലീസും അറിയിച്ചു. അൽ അൻസബ്–അൽ ജിഫ്നൈൻ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായുള്ള റോഡ് കണക്ഷൻ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒക്ടോബർ 4 രാവിലെ ഒൻപത് മണി മുതൽ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരും.
അടച്ചിടുന്ന മേഖലകൾ ഉൾപ്പെടുത്തി മുനിസിപ്പാലിറ്റി പ്രത്യേക ട്രാഫിക് പ്ലാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവഴി യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, റോഡിലെ മുന്നറിയിപ്പ് ബോർഡുകളും അധികൃതരുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർമാണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
