ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു; പ്രാർത്ഥിക്കാൻ‍ അഭ്യർത്ഥിച്ച് ഷെയ്ഖ ബുദൂർ

  1. Home
  2. International

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു; പ്രാർത്ഥിക്കാൻ‍ അഭ്യർത്ഥിച്ച് ഷെയ്ഖ ബുദൂർ

sheikh sultan al qasimi


യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു. അദ്ദേഹത്തിന്റെ മകളും ഷാർജ ബുക്ക് അതോറിറ്റി (SBA) ചെയർപേഴ്‌സണുമായ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയ വിജയകരമാകുന്നതിനും പിതാവ് പൂർണ്ണ ആരോഗ്യവാനായി സുരക്ഷിതമായി കുടുംബത്തിലേക്ക് മടങ്ങിയെത്തുന്നതിനുമായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഷെയ്ഖ ബുദൂർ അഭ്യർത്ഥിച്ചു.

"ദയവായി എന്റെ പിതാവിനെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. അദ്ദേഹം ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. ദൈവകാരുണ്യത്തിലുള്ള ഉറച്ച വിശ്വാസവും വലിയ പ്രതീക്ഷയുമാണ് ഞങ്ങളുടെ ഹൃദയങ്ങളിലുള്ളത്. നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. നിങ്ങളിലൊരാളുടെ ആത്മാർത്ഥമായ പ്രാർത്ഥന അദ്ദേഹത്തിന്റെ സൗഖ്യത്തിന് കാരണമായേക്കാം."- ഷെയ്ഖ ബുദൂർ കുറിച്ചു.

അതേസമയം, ഭരണാധികാരിയുടെ രോഗാവസ്ഥയെക്കുറിച്ചോ ശസ്ത്രക്രിയയുടെ കൂടുതൽ വിശദാംശങ്ങളോ കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ സ്വദേശികളും പ്രവാസികളുമടക്കം നിരവധി പേരാണ് പ്രിയ ഭരണാധികാരിയുടെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥനകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പങ്കുവെക്കുന്നത്.