ഇന്ന് മുതൽ രണ്ടാം 'ജെമിനി' സീസൺ; ഇനി കടുത്ത വേനലും കൊടും ചൂടും
കുവൈത്തിൽ കടുത്ത വേനലിന്റെ തുടക്കം കുറിച്ച് ഇന്ന് മുതൽ രണ്ടാം 'ജെമിനി' സീസൺ ആരംഭിക്കുന്നു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തെ വേനൽക്കാലത്തിന്റെ മധ്യഭാഗമായാണ് കണക്കാക്കുന്നത്.
പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്ന ഈ സീസൺ കൊടും ചൂടും വരണ്ട ഉഷ്ണക്കാറ്റും ഉണ്ടാകുന്നതിനാൽ ‘ബഹൂറ വേനൽ’ എന്നും അറിയപ്പെടുന്നു. രാത്രി കാലങ്ങളിൽ ശക്തമായ കാറ്റും അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുമ്പോൾ പകൽ സമയത്ത് മരുഭൂമിയിലെ താപനില റെക്കോർഡ് നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
അതേസമയം, ഇന്ന് ആകാശത്ത് ചന്ദ്രനും ശനിയും തമ്മിലുള്ള സംഗമവും നാളെ ചന്ദ്രനും ശുക്രനും തമ്മിലുള്ള സംഗമവും ദൃശ്യമാകും. ‘ബക്ക് മൂൺ’ എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രനോടെയാണ് ഈ മാസം അവസാനിക്കുക. രണ്ടാം ജെമിനി സീസൺ പൂർത്തിയാകുന്നതോടെ കടുത്ത ഉഷ്ണമുള്ള ‘മിർസാം’ സീസണിന് തുടക്കമാകും. മിർസാം സീസൺ അവസാനിക്കുന്നതോടെയാണ് ചൂട് കുറഞ്ഞ് തുടങ്ങുക.
