യുഎഇയുടെ ആകാശം ഇന്ന് ശാന്തം; ഇറാനിൽ നിന്നുള്ള ആക്രമണങ്ങൾ അവസാനിച്ചു
യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ യുഎഇയുടെ വ്യോമമേഖലയിൽ ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയൊന്നും വ്യാഴാഴ്ച രാജ്യത്തിന്റെ വ്യോമപരിധിയിൽ കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിതെന്ന് അധികൃതർ അറിയിച്ചു.
ഇറാൻ ആക്രമണങ്ങൾ തുടങ്ങിയത് മുതൽ യുഎഇയുടെ കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ ആയുധങ്ങളുടെ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു. ആകെ 537 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2256 ഡ്രോണുകൾ എന്നിവയാണ് യുഎഇ സൈന്യം വിജയകരമായി തടഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളിലൊന്ന് യുഎഇയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.
ആക്രമണ പരമ്പരകളിൽ രാജ്യത്ത് ആകെ 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് സൈനികരും ഉൾപ്പെടുന്നു. വിവിധ സംഭവങ്ങളിലായി പരിക്കേറ്റവരുടെ എണ്ണം 224 ആണ്. ഇന്ത്യക്കാരടക്കം വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും എല്ലാ തരം ഭീഷണികൾക്കും ശക്തമായ മറുപടി നൽകാനും സൈന്യം സദാ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.
