വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം വിജയകരം; ബഹ്‌റൈനിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കിയതായി വിലയിരുത്തൽ

  1. Home
  2. International

വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം വിജയകരം; ബഹ്‌റൈനിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കിയതായി വിലയിരുത്തൽ

midday break


കടുത്ത വേനൽച്ചൂടിനെ തുടർന്ന് ബഹ്‌റൈൻ സർക്കാർ ഏർപ്പെടുത്തിയ ഉച്ചസമയത്തെ പുറം ജോലി നിരോധനം രാജ്യത്ത് മികച്ച ഫലം കാണുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ഈ സുരക്ഷാ നിയമം കൃത്യമായി നടപ്പിലാക്കിയതോടെ, വേനൽക്കാലത്ത് നിർമ്മാണ മേഖലകളിലും മറ്റും ഉണ്ടാകാറുള്ള അപകടങ്ങളും മരണങ്ങളും പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചതായാണ് വിലയിരുത്തൽ. ഫ്രീ ട്രേഡ് യൂണിയൻ ഫെഡറേഷൻ ഓഫ് ബഹ്‌റൈനും തൊഴിൽ മന്ത്രാലയവും സംയുക്തമായി നടത്തുന്ന കർശനമായ ഫീൽഡ് പരിശോധനകളും മുൻകരുതൽ നടപടികളുമാണ് ഈ നേട്ടത്തിന് അടിത്തറയായത്.

തീവ്രമായ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും പ്രതിരോധിക്കുന്നതിനായി തൊഴിലാളികൾക്ക് പ്രത്യേക പരിശീലന പരിപാടികൾ മന്ത്രാലയം നൽകി വരുന്നുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായുള്ള ഉദ്യോഗസ്ഥരുടെ ഫീൽഡ് സന്ദർശനങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

തൊഴിലിടങ്ങളിലെ സുരക്ഷാ സംസ്കാരം ആധുനികവൽക്കരിക്കുന്നതിൽ ബോധവൽക്കരണ കാമ്പയിനുകൾ വലിയ പങ്കുവഹിച്ചതായി ഫെഡറേഷൻ പ്രസിഡന്റ് യാക്കൂബ് യൂസിഫ് മുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ആയിരക്കണക്കിന് തൊഴിലാളികളിലേക്കാണ് ഈ സുരക്ഷാ സന്ദേശം എത്തിക്കാനായത്. ബഹ്‌റൈൻ നിയമപ്രകാരം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.