ബഹിരാകാശ നിലയത്തിൽ ശുഭാൻഷുവിനെ സ്വീകരിച്ച മൂന്ന് പേരും തിരിച്ചെത്തി
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ലയെ ബഹിരാകാശ നിലയത്തിൽ സ്വീകരിച്ച മൂന്ന് യാത്രികരും, 245 ദിവസത്തെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. കഴിഞ്ഞ ദിവസം കസാഖ്‌സ്താനിലെ വിജനഭൂമിയിൽ ഇവർ സഞ്ചരിച്ച പേടകം സുരക്ഷിതമായി ഇറങ്ങി. യു.എസിൽ നിന്നുള്ള ജോണി കിം, റഷ്യയിൽ നിന്നുള്ള സെർജി റിസികോവ്, അലെക്സി സുബ്രിറ്റ്സ്കി എന്നിവരാണ് ഗവേഷണ കാലം പൂർത്തിയാക്കി ഭൂമിയിൽ
തിരിച്ചെത്തിയത്.
ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച 245 ദിവസത്തിനുള്ളിൽ ഇവർ ഏകദേശം നാലായിരത്തോളം തവണ ഭൂമിയെ വലംവെച്ചു. തിരിച്ചെത്തിയ യാത്രികരിൽ സെർജി റിസികോവിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്, മൂന്ന് യാത്രകളിലായി അദ്ദേഹം ആകെ 603 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു. ഇവർക്ക് പകരമായി മൂന്ന് യാത്രികർ കഴിഞ്ഞയാഴ്ച നിലയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
