യുഎഇ സായുധ സേന രാജ്യത്തിന്റെ സുരക്ഷാ കവചം; പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

  1. Home
  2. International

യുഎഇ സായുധ സേന രാജ്യത്തിന്റെ സുരക്ഷാ കവചം; പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae president sheikh mohammed bin zayed al nahyan


രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് യുഎഇയുടെ തന്ത്രപരമായ മുൻഗണനയായി തുടരുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. യുഎഇ സായുധ സേനാ ഏകീകരണത്തിന്റെ 50-ാം വാർഷിക വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ സേന വിജയകരമായി പ്രതിരോധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ഈ നിർണ്ണായക പ്രസ്താവന.

1976 മെയ് 6-ന് സായുധ സേനയെ ഏകീകരിക്കാൻ എടുത്ത തീരുമാനം രാജ്യത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് ഭരണാധികാരികളുടെയും ദീർഘവീക്ഷണമാണ് ഇന്നത്തെ കരുത്തുറ്റ സൈന്യത്തിന് അടിത്തറയിട്ടത്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ ധീരതയോടെയും കാര്യക്ഷമതയോടെയും നേരിടുന്ന സൈന്യത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയും കൃത്യമായ ആസൂത്രണവുമാണ് ഈ ആക്രമണങ്ങളെ വിജയകരമായി ചെറുക്കാൻ രാജ്യത്തെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുടെ സമഗ്രവും സുസ്ഥിരവുമായ വികസന കാഴ്ചപ്പാടിൽ പ്രതിരോധ മേഖലയ്ക്ക് എന്നും മുൻതൂക്കം നൽകും. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ കവചമായി സായുധ സേന എന്നും നിലകൊള്ളും. മേഖലയിലെ സമാധാനവും എല്ലാ ജനതയുടെയും പുരോഗതിയുമാണ് യുഎഇ ആഗ്രഹിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ടാകുന്ന ഏത് സാഹചര്യത്തെയും ശക്തമായി നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്തസാക്ഷികളായ സൈനികരുടെ ത്യാഗങ്ങളെ ആദരവോടെ സ്മരിച്ച പ്രസിഡന്റ്, യുഎഇയുടെ യഥാർത്ഥ കരുത്ത് അതിന്റെ ജനതയിലും ഐക്യത്തിലുമാണെന്ന് ഊന്നിപ്പറഞ്ഞു.