ആഗോള തലത്തിൽ വീണ്ടും കരുത്തുതെളിയിച്ച് യുഎഇ; ആർട്ടൺ ക്യാപിറ്റൽ പാസ്‌പോർട്ട് സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി
ആർട്ടൺ ക്യാപിറ്റൽ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള പാസ്‌പോർട്ട് സൂചികയിൽ യുഎഇ വീണ്ടും ഒന്നാം സ്ഥാനത്ത്. 182 എന്ന റെക്കോർഡ് മൊബിലിറ്റി സ്‌കോറോടെയാണ് യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ സ്ഥാനം നിലനിർത്തിയത്. പുതിയ സൂചിക പ്രകാരം യുഎഇ പൗരന്മാർക്ക് ലോകത്തിലെ 91 ശതമാനം രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.
ലോകത്താകെയുള്ള രാജ്യങ്ങളിൽ 127 ഇടങ്ങളിലേക്ക് വിസയില്ലാതെ നേരിട്ടും, 45 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ (Visa on Arrival) വഴിയും, 10 സ്ഥലങ്ങളിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) വഴിയും യുഎഇ സ്വദേശികൾക്ക് പ്രവേശിക്കാം. ആകെ 16 രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവിൽ ഇവർക്ക് മുൻകൂർ വിസ ആവശ്യമായിട്ടുള്ളത്. കൃത്യമായ അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളിലൂടെയും ശക്തമായ ഉഭയകക്ഷി കരാറുകളിലൂടെയുമാണ് യുഎഇ തങ്ങളുടെ പാസ്‌പോർട്ട് കരുത്ത് വർഷം തോറും വർദ്ധിപ്പിക്കുന്നത്.
2017-ൽ യുഎഇ വിദേശകാര്യ മന്ത്രാലയം 'യുഎഇ പാസ്‌പോർട്ട് ഫോഴ്‌സ് ഇനിഷ്യേറ്റീവ്' ആരംഭിച്ചതാണ് ഈ വലിയ നേട്ടത്തിന് അടിത്തറയിട്ടത്. വെറും ഒരു ദശാബ്ദത്തിനുള്ളിൽ ആഗോള റാങ്കിംഗിൽ 88-ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പാസ്‌പോർട്ടിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഈ പദ്ധതിക്ക് സാധിച്ചതായി ആർട്ടൺ ക്യാപിറ്റൽ വ്യക്തമാക്കി. 2018 മുതൽ ഈ ഒന്നാം സ്ഥാനം യുഎഇ തുടർച്ചയായി നിലനിർത്തി വരികയാണ്. അതേസമയം, പുതിയ സൂചികയിൽ 175 സ്‌കോറുമായി സിംഗപ്പൂരും സ്‌പെയിനുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ബെൽജിയം, ലക്‌സംബർഗ്, ഫ്രാൻസ്, ഡെന്മാർക്ക്, ജർമ്മനി, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ റാങ്കിംഗിൽ മൂന്നാം സ്ഥാനം പങ്കിട്ടു.
