സമാധാന കരാറിന് 24 ബില്യൺ ഡോളർ യുഎസ് വിട്ടുനൽകണം; ട്രംപിന് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

  1. Home
  2. International

സമാധാന കരാറിന് 24 ബില്യൺ ഡോളർ യുഎസ് വിട്ടുനൽകണം; ട്രംപിന് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

mohseen razaei


ഡൊണാൾഡ് ട്രംപ് ഭരണകൂടം മരവിപ്പിച്ച ഇറാന്റെ 24 ബില്യൺ ഡോളർ വരുന്ന ആസ്തികൾ തിരികെ നൽകുകയാണെങ്കിൽ അമേരിക്കയുമായി സമാധാന കരാറിന് തയ്യാറാണെന്ന് ഇറാൻ. ഇറാനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മൊഹ്‌സെൻ റെസായി സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നിലുള്ള പ്രധാന തടസ്സം നീക്കേണ്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിന് ഫണ്ടുകൾ വിട്ടുനൽകേണ്ടത് അനിവാര്യമാണ്. ഇറാനുമായി അമേരിക്കയ്ക്ക് കരാറിലെത്തണമെങ്കിൽ ഈ തുക നൽകിയേ തീരൂ. ഇത് ഇറാന്റെ സ്വന്തം പണമാണെന്നും അമേരിക്കയുടെ പണമല്ലെന്നും വ്യക്തമാക്കിയ റെസായി, ഫണ്ട് വിട്ടുനൽകുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ വിശ്വാസ്യതയുടെ പരീക്ഷണമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, ഹൂർമുസ് കടലിടുക്കിൽ ഇടപെട്ട് യുഎസ് വീണ്ടും ആക്രമണം തുടങ്ങുകയാണെങ്കിൽ യുദ്ധത്തിന് പുതിയ മാനങ്ങൾ നൽകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകുന്നുണ്ട്. അങ്ങനെയുണ്ടായാൽ മേഖലയിലെ യുഎസിന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നൽകുമെന്നും ഉപദേഷ്ടാവ് വ്യക്തമാക്കി.

ഇറാൻ പരമോന്നത നേതാവും ട്രംപും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തിന്, ചർച്ചകൾ ആദ്യഘട്ടത്തിലായതിനാൽ നിലവിൽ അതിന് സാധ്യതയില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. എന്നാൽ പരമോന്നത നേതാവിന്റെ നിലവിലെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങളോട് റെസായി പ്രതികരിക്കാൻ തയ്യാറായില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.