16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം; നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയ
16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നുണ്ടാവുന്ന നിയമലംഘനങ്ങൾക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിർദേശം ഇതോടൊപ്പമുണ്ട്. ബയോമെട്രിക് വിവരങ്ങളോ സർക്കാർ രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രായം നിർണയിച്ച് മാത്രം സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കുന്ന തരത്തിൽ ഓസ്ട്രേലിയ കൊണ്ടുവരാൻ പോകുന്ന ഈ നിയന്ത്രണംഇതുവരെ ഏതെങ്കിലുമൊരു രാജ്യം കൊണ്ടു വന്നിട്ടുള്ളതിനേക്കാൾ കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ലെന്ന് ബിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലോ നിലവിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിലോ ഒന്നും നിയന്ത്രണത്തിൽ ഇളവ് ലഭിക്കില്ല. നിർണായകമായ ഒരു മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇത് ലംഘിക്കപ്പെടാനുള്ള സാധ്യതകൾ ഇല്ലാതാക്കണമെന്ന് സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.