പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ തകർന്നു; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഗ്രീസിൽനിന്ന് ജർമനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ (Ryanair) വിമാനത്തിന്റെ ജനൽപാളി തകർന്ന് യാത്രികൻ പകുതിയോളം പുറത്തേക്ക് തെറിച്ചു. ബോയിങ് 737 വിമാനത്തിലുണ്ടായ വൻ അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് 61-കാരനായ സെർബിയൻ സ്വദേശി അതിസാഹസികമായി രക്ഷപ്പെട്ടത്.
ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് വിമാനം പറക്കുന്നതിനിടെ നോർത്ത് മാസിഡോണിയയ്ക്ക് മുകളിലെത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്തിന്റെ എൻജിനിൽനിന്നുള്ള ഒരു ലോഹഭാഗം പെട്ടെന്ന് ഇളകിമാറി ജനൽ പാളിയിൽ വന്നിടിക്കുകയും ജനൽ പൂർണ്ണമായി തകരുകയുമായിരുന്നു.
ജനൽ തകർന്നതിനെത്തുടർന്ന് കാബിനിൽ പെട്ടെന്നുണ്ടായ കടുത്ത മർദ്ദവ്യതിയാനത്തിലാണ് (Decompression) സമീപത്തിരുന്ന യാത്രികൻ ജനലിലൂടെ പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടത്. എന്നാൽ ഇയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും, അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ ബലമായി പിടിച്ചുവെച്ച് അകത്തേക്ക് വലിച്ചുകയറ്റിയതിനാലും വൻ ദുരന്തം ഒഴിവായി. വിമാനത്തിനുള്ളിൽ വലിയ ശബ്ദം കേട്ടതായും പെട്ടെന്ന് തന്നെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വന്നതായും യാത്രക്കാർ ഭീതിയോടെ ഓർത്തെടുത്തു.
അപകടത്തെ തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ച് ഗ്രീസിലെ തെസ്സലോനികി വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്തു. വായുവിന്റെ കടുത്ത ഘർഷണം മൂലം ശരീരത്തിൽ പൊള്ളലേറ്റ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ സുരക്ഷിതമായി ജർമനിയിൽ എത്തിച്ചതായി റയാൻഎയർ വക്താവ് വ്യക്തമാക്കി.
