എബോള വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന
എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി . ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ പ്രധാന കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
എബോള രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് നേരെ ഡിആർ കോംഗോയിൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. രോഗബാധിതരുടെ മൃതദേഹങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുന്നതും രോഗവ്യാപനം വർധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന യാത്രകൾക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കുക, സ്വയംവിവര ഫോം ശേഖരിക്കുക, യാത്രയ്ക്കിടെ ആരോഗ്യ അറിയിപ്പുകൾ നൽകുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.ഉഗാണ്ടയും റിപ്പബ്ലിക് ഓഫ് കോംഗോയും വഴി സർവീസ് നടത്തുന്ന വിമാനങ്ങൾക്കാണ് ഈ നിർദേശങ്ങൾ ബാധകമാകുക. ഈ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾ ഇന്ത്യയിലെത്തിയ ശേഷം 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദേശിച്ചു.
