വിദേശികളുടെ വസ്തു ഉടമസ്ഥാവകാശ നിയമങ്ങളിൽ മാറ്റമില്ല; ഒമാനിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് മന്ത്രാലയം
വിദേശികൾക്ക് ഒമാനിൽ പ്രോപ്പർട്ടി വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ഭവന, നഗരാസൂത്രണ മന്ത്രാലയം തള്ളി. വിദേശികൾക്ക് രാജ്യത്ത് എവിടെയും വസ്തുവകകൾ സ്വന്തമാക്കാൻ അനുമതി നൽകിയിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങളിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
താമസാനുമതി (റസിഡൻസി) നിയമങ്ങളിൽ വരുത്തിയ പുതിയ ഇളവുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നത്. നിശ്ചിത റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ വാങ്ങുന്ന വിദേശികൾക്ക് സ്‌പോൺസർ ഇല്ലാതെ റെസിഡൻസി പെർമിറ്റ് നൽകാൻ പുതിയ ചട്ടം അനുവദിക്കുന്നുണ്ട്. എന്നാൽ ഇത് പ്രോപ്പർട്ടി വാങ്ങാനുള്ള അനുമതിയെയല്ല, മറിച്ച് റസിഡൻസി അവകാശങ്ങളെ മാത്രമാണ് ബാധിക്കുന്നത്.
നിലവിലെ നിയമപ്രകാരം ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സുകൾ (ITC), സുൽത്താൻ ഹൈതം സിറ്റി, അൽ തുറയ്യ സിറ്റി, അൽ ജബൽ അൽ ആലി തുടങ്ങിയ പ്രത്യേക നഗര പദ്ധതികളിലും, സുറൂഹ് പോലുള്ള റെസിഡൻഷ്യൽ മേഖലകളിലും മാത്രമേ വിദേശികൾക്ക് ഭൂമിയോ വീടോ വാങ്ങാൻ അനുമതിയുള്ളൂ. ജി.സി.സി പൗരന്മാർക്കുള്ള പ്രോപ്പർട്ടി ഉടമസ്ഥാവകാശം നിലവിലുള്ള പ്രത്യേക കരാറുകൾക്കും ഒമാനി ചട്ടങ്ങൾക്കും വിധേയമായി തന്നെ തുടരുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
