ജനറൽ സർവീസ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല; വർക്ക് വിസ അപേക്ഷകൾ ഇനി മെട്രാഷ് വഴി എളുപ്പമാക്കാം
ഖത്തറിൽ വർക്ക് വിസ നടപടികൾ കൂടുതൽ ലളിതമാക്കി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ മെട്രാഷ് 2 (Metrash2) വഴി പൊതുജനങ്ങൾക്ക് വർക്ക് വിസയ്ക്കായി എളുപ്പത്തിലും സൗകര്യപ്രദമായും അപേക്ഷിക്കാമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. പുതിയ സംവിധാനം നിലവിൽ വന്നതോടെ വർക്ക് വിസ നേടുന്നതിനായി ഉപഭോക്താക്കൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫീസോ മറ്റ് ഏകീകൃത സേവന കേന്ദ്രങ്ങളോ (Unified Service Centers) നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുകയും ജനങ്ങൾക്ക് കാര്യക്ഷമമായി ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിസ നടപടികൾ പൂർണ്ണമായും ആപ്പിലേക്ക് മാറ്റിയത്. റസിഡൻസി സംബന്ധമായ അന്വേഷണങ്ങൾ, ട്രാഫിക് പിഴകൾ അടയ്ക്കൽ, നേരിട്ടുള്ള റിപ്പോർട്ടിങ് ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ നിലവിൽ മെട്രാഷ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
മെട്രാഷ് ആപ്പ് വഴി വർക്ക് വിസയ്ക്ക് അപേക്ഷിക്കേണ്ട ഘട്ടങ്ങൾ:
- ആപ്പിലെ ‘വിസ’ (Visa) സർവീസസ് വിഭാഗത്തിൽ പ്രവേശിച്ച് ‘റിക്വസ്റ്റ് ആപ്ലിക്കേഷൻ’ (Request Application) ക്ലിക്ക് ചെയ്യുക.
- സർവീസ് ടൈപ്പ് ആയി ‘വർക്ക് വിസ’ (Work Visa) എന്നത് തിരഞ്ഞെടുക്കുക.
- ആവശ്യമായ വിസ ടൈപ്പ് തിരഞ്ഞെടുത്ത ശേഷം ‘ഇഷ്യൂ വിസ’ (Issue Visa) ക്ലിക്ക് ചെയ്യുക.
- തുടർന്ന് സ്ക്രീനിൽ ആവശ്യപ്പെടുന്ന കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി, പാസ്‌പോർട്ട് കോപ്പിയും വ്യക്തിഗത ഫോട്ടോയും അപ്‌ലോഡ് ചെയ്യുക.
- നൽകിയ വിവരങ്ങൾ മുഴുവൻ പരിശോധിച്ചുറപ്പിച്ച ശേഷം നിർദ്ദിഷ്ട ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
ഇത്രയും പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ അംഗീകാരത്തിനായി ആപ്പിലൂടെ തന്നെ കാത്തിരിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
