‘ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തും’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

  1. Home
  2. International

‘ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തും’; ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

donald trump


ഇറാന് നേരെ ഇന്ന് രാത്രി കടുത്ത സൈനിക ആക്രമണം നടത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണഭീഷണി. അങ്കാരയിൽ നടക്കുന്ന നാറ്റോ (NATO) ഉച്ചകോടിയിൽ പങ്കെടുക്കവെ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

"കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്കെതിരെ അതിശക്തമായ ആക്രമണം നടത്തി. വളരെ വളരെ ശക്തമായ ആക്രമണമായിരുന്നു അത്. ഇന്ന് രാത്രിയും ഞങ്ങൾ അതിശക്തമായ രീതിയിൽ ആക്രമണം നടത്താൻ പോവുകയാണ്," ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇറാന്റെ നടപടി വളരെ മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്റെ ആണവായുധ ശേഷി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ യുദ്ധത്തിന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 47 വർഷമായി പശ്ചിമേഷ്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ഇറാനാണ്. ഇറാന് ഒരിക്കലും ആണവായുധം ഉണ്ടായിരിക്കാൻ പാടില്ലെന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.