അന്താരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിന്റെ മൂന്നാമത് യോഗം ജിദ്ദയിൽ ചേർന്നു

  1. Home
  2. International

അന്താരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിന്റെ മൂന്നാമത് യോഗം ജിദ്ദയിൽ ചേർന്നു

jeddah


ചെങ്കടൽ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സമുദ്രഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്താരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിന്റെ മൂന്നാമത് പ്ലാനിംഗ് യോഗം ജിദ്ദയിലെ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിൽ നടന്നു. സഖ്യം പൂർണ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ 39 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സഖ്യത്തിന്റെ ഘടനാപരമായ വികസനത്തിൽ നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടായി. കമാൻഡറായി സൗദി അറേബ്യൻ പ്രതിനിധിയെയും, ആദ്യ ഘട്ട ഡെപ്യൂട്ടി കമാൻഡറായി പാകിസ്ഥാൻ പ്രതിനിധിയെയും നിയമിക്കാൻ ധാരണയായി. കമാൻഡ് ആസ്ഥാനം നിശ്ചയിച്ചതിനൊപ്പം ഔദ്യോഗിക ചിഹ്നത്തിനും അംഗീകാരം നൽകി.

അംഗരാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ സംയുക്ത കമാൻഡ് ആന്റ് സ്റ്റാഫ് ഘടന, സമുദ്ര പ്രവർത്തന ഏകോപന കേന്ദ്രം, ഇന്റലിജൻസ് സെന്റർ എന്നിവയിലേക്ക് സംയോജിപ്പിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തി. അന്താരാഷ്ട്ര വ്യാപാരവും ആഗോള വിതരണ ശൃംഖലകളും തടസ്സമില്ലാതെ നിലനിർത്തുക, കടലിടുക്കുകൾക്ക് സുരക്ഷയൊരുക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. നയരൂപീകരണ ഘട്ടത്തിൽ നിന്ന് സഖ്യം പ്രായോഗിക പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് മേഖലയിലെ സമുദ്ര സുരക്ഷയ്ക്ക് കൂടുതൽ കരുത്തേകും.