യുഎഇയിൽ മൂന്ന് ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

യുഎഇയിൽ മൂന്ന് ഫുഡ് സപ്ലിമെന്റുകൾ പിൻവലിച്ചു; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

uae


യുഎഇ വിപണിയിൽ വിൽപനയിലുണ്ടായിരുന്ന മൂന്ന് ഫുഡ് സപ്ലിമെന്റുകളും ഒരു മെഡിക്കൽ ഉൽപ്പന്നവും അടിയന്തരമായി പിൻവലിക്കാൻ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) ഉത്തരവിട്ടു. സൂപ്പർ ഇമ്മ്യൂൺ+, വൗണ്ട് വിറ്റ്, റോസബെല്ല മോറിഞ്ച കാപ്സ്യൂൾ എന്നീ സപ്ലിമെന്റുകളും ഐസോടോണാക്-4 എന്ന മെഡിക്കൽ ഉൽപ്പന്നവുമാണ് നിരോധിച്ചത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന അംഗീകാരമില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെ അധികൃതർ ഉപഭോക്താക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി.

സൂപ്പർ ഇമ്മ്യൂൺ+ എന്ന ഉൽപ്പന്നം യുഎഇയിൽ രജിസ്റ്റർ ചെയ്തതല്ലെന്നും ഇതിൽ അംഗീകാരമില്ലാത്ത ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി. വൗണ്ട് വിറ്റിൽ യൂറോപ്യൻ നിയമപ്രകാരം നിരോധിച്ച ഘടകങ്ങൾ അടങ്ങിയതാണ് നടപടിക്ക് കാരണം. റോസബെല്ല മോറിഞ്ച കാപ്സ്യൂളുകളിൽ മാരകമായ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് പിൻവലിക്കൽ. ഐസോടോണാക്-4 എന്ന ഉൽപ്പന്നം ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി നേരിട്ടത്.

യുഎഇയിലെ ഒരു സ്ഥാപനവും ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനോ പരസ്യം നൽകാനോ പാടില്ലെന്ന് ഇഡിഇ നിർദ്ദേശിച്ചു. ഫാർമസികളോ ഹെൽത്ത് ഷോപ്പുകളോ ഇവ കൈവശം വെക്കാൻ പാടില്ല. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് വിപണിയിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.