ബലൂചിസ്ഥാനിൽ പാസഞ്ചർ ബസിന് നേരെ വെടിവെപ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു; പ്രവിശ്യയിൽ നിരോധനാജ്ഞ
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കറാച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെ മസ്തംഗ് ജില്ലയിലെ ഗാരോ മേഖലയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സമീപത്തെ മലനിരകളിൽ നിലയുറപ്പിച്ച അക്രമികൾ ബസിന് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റവരെ മസ്തംഗിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ആക്രമണത്തിന് പുറമെ, മേഖലയിലെ ദേശീയപാതയിലുള്ള ഒരു പാലം സ്ഫോടനത്തിൽ തകർത്ത സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ആഭ്യന്തര വകുപ്പ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മസ്തംഗ്, സുറാബ് ജില്ലകളിൽ സൈന്യം നടത്തിയ തിരച്ചിലിൽ 10 ഭീകരരെ വധിക്കുകയും രണ്ട് വനിതാ ചാവേറുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് നേരെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
