റാസൽഖൈമയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന കേസ്; ഗൾഫ് പൗരന് വധശിക്ഷ

  1. Home
  2. International

റാസൽഖൈമയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന കേസ്; ഗൾഫ് പൗരന് വധശിക്ഷ

rak police


യു.എ.ഇയിലെ റാസൽഖൈമയിൽ വഴിതർക്കത്തെ തുടർന്ന് ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്ന കേസിൽ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. വാഹനത്തിന് കടന്നുപോകാനുള്ള വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വർഷം മെയ് ഏഴിനായിരുന്നു സംഭവം. 66 കാരിയായ അമ്മയും അവരുടെ 36, 38 വയസ്സുള്ള രണ്ട് പെൺമക്കളുമാണ് പ്രതിയുടെ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ 47 വയസ്സുള്ള മറ്റൊരു മകൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് പ്രതി മനഃപൂർവ്വം നടത്തിയ കൊലപാതകമാണിതെന്ന് കോടതി കണ്ടെത്തി. കേസിൽ പ്രതിയുടെ മകനും കോടതി വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചിട്ടുണ്ട്.

കൂട്ടക്കൊലപാതകത്തിന് പുറമെ, ഇരകളുടെ കുടുംബത്തിന് നേരെ വധഭീഷണി മുഴക്കിയ കുറ്റത്തിന് പ്രതിക്ക് ആറ് മാസം തടവും പതിനായിരം ദിർഹം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും കുഞ്ഞുങ്ങളുള്ള അമ്മമാരായിരുന്നു. പ്രതി കൃത്യം നടത്തുമ്പോൾ കുട്ടികളിലൊരാൾ ഇതിന് സാക്ഷിയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ക്രിമിനൽ കോടതിയുടെ ഈ വിധിക്കെതിരെ പ്രതിക്ക് ഇനി ഉയർന്ന കോടതികളിൽ അപ്പീൽ നൽകാൻ നിയമപരമായി അവസരമുണ്ട്.