ഖത്തറിൽ നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കഹ്‌റമാ
ഖത്തറിൽ നാളെ (ശനിയാഴ്ച) ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും രാത്രികാലങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞും മേഘാവൃതമായ കാലാവസ്ഥയുമാണ് അനുഭവപ്പെടുന്നത്.
മഴയുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 26 നോട്ടിക് മൈൽ വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച തന്നെ അൽ വക്റ, ദുഖാൻ, തുമാമ, അൽ സദ്ദ് തുടങ്ങിയ മേഖലകളിൽ മഴ ലഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
വൈദ്യുതി സുരക്ഷ: കഹ്‌റമായുടെ നിർദ്ദേശങ്ങൾ
മഴക്കാലത്ത് വൈദ്യുത ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജല-വൈദ്യുത വിഭാഗമായ കഹ്‌റമാ (Kahramaa) ആവശ്യപ്പെട്ടു. നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ചുകൾ ഇടുന്നതും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം. സുരക്ഷ മുൻനിർത്തി കഹ്‌റമാ പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ വൈദ്യുത ഉപകരണങ്ങൾ ഉടൻ പ്ലഗ് ഓഫ് ചെയ്യുക.
- വെള്ളത്തിൽ വീണ വൈദ്യുത ഉപകരണങ്ങൾ എടുക്കാൻ ശ്രമിക്കരുത്; ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
- വൈദ്യുതി മുടങ്ങിയാൽ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ മാറ്റുക.
- വൈദ്യുത തൂണുകളിൽ തൊടാനോ നനഞ്ഞ സ്ഥലങ്ങളിൽ എക്സ്റ്റൻഷൻ ബോക്സുകൾ ഉപയോഗിക്കാനോ പാടില്ല.
- ഉയരമുള്ള മരങ്ങൾക്കോ ഒറ്റപ്പെട്ട മരങ്ങൾക്കോ താഴെ നിൽക്കുന്നത് ഒഴിവാക്കുക.
- അടിയന്തര സാഹചര്യങ്ങളിൽ കഹ്‌റമായുടെ കോൾ സെന്ററുമായി 991 എന്ന നമ്പറിൽ ബന്ധപ്പെടുക.
