സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരുന്ന ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും താഴ്‌വരകളിലും പ്രവേശിക്കുന്നതും നീന്തുന്നതും പൂർണമായി ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെയും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പിന്തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മക്ക, മദീന, ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളിൽ ഇടത്തരം മുതൽ അതിശക്തമായ മഴയ്ക്കും പെട്ടെന്നുള്ള പ്രളയത്തിനും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം നജ്‌റാൻ മേഘലയിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്.
