ഒമാനിലെ ഹജർ മലനിരകളിൽ ഇടിമിന്നലോടുകൂടിയ മഴയെത്തും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നൽ മേഘങ്ങളുടെ സ്വാധീനം മൂലം ഹജർ പർവത മേഖലകളിൽ ശക്തമായ കാറ്റിനും വലിയ തോതിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
തീരദേശ മേഖലകളായ അൽ ജസീറ, ദുഖം, ജഅ്‌ലാൻ ബനി ബൂ ഹസ്സൻ, ജഅ്‌ലാൻ ബനി ബൂ അലി, മഹൗത്ത്, മസീറ എന്നീ മേഖലകളിൽ ഇന്ന് അർധരാത്രി മുതൽ ശക്തമായ കാറ്റിനുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുമ്രൈത്, മഖ്ഷൻ, ഹൈമ എന്നീ മരുഭൂ മേഖലകളിൽ വൈകിട്ട് നാല് മണി മുതൽ കനത്ത കാറ്റിനുള്ള മുന്നറിയിപ്പും നിലവിൽ വരും. അറേബ്യൻ കടലിനോട് ചേർന്നുള്ള മരുഭൂമി പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചേക്കാം. ഇത് കാഴ്ചപരിധി ഗണ്യമായി കുറച്ചേക്കാമെന്നതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ഇടവിട്ട ചാറ്റൽമഴയും പ്രതീക്ഷിക്കാം. ഒമാന്റെ മറ്റ് ഭാഗങ്ങളിൽ ആകാശം പൊതുവെ തെളിഞ്ഞ നിലയിലായിരിക്കും. സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ പ്രവിശ്യകളിലും ഒമാൻ കടൽത്തീരങ്ങളിലും രാത്രി വൈകിയും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
