ടിക്കറ്റ് റീഫണ്ടിന് സമയമെടുക്കും; യാത്രക്കാർ സഹകരിക്കണമെന്ന് ഖത്തർ എയർവേയ്സ്
നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ടിക്കറ്റ് റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഖത്തർ എയർവേയ്സ്. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ സഹകരിക്കണമെന്നും വിമാനക്കമ്പനി അറിയിച്ചു. റീഫണ്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ ഏകദേശം 28 ദിവസം വരെ വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിലെ ടിക്കറ്റുകൾക്കാണ് ഖത്തർ എയർവേയ്സ് റീഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടിക്കറ്റുകൾ അധിക നിരക്കില്ലാതെ മറ്റൊരു തീയതിയിലേക്ക് മാറ്റാനും (Re-booking) അവസരമുണ്ട്. ഉപയോഗിക്കാത്ത കൺഫേം ടിക്കറ്റുകൾക്കാണ് റീഫണ്ട് ലഭിക്കുക. സീറ്റ് സെലക്ഷൻ പോലുള്ള ആഡ് ഓൺ (Add-on) സേവനങ്ങൾക്കായി നൽകിയ തുക പിന്നീട് പ്രത്യേകമായി റീഫണ്ട് ചെയ്യുന്നതാണ്.
അപേക്ഷ നൽകിയ യാത്രക്കാർ ഇ-മെയിൽ വഴി തങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി (Status) പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കസ്റ്റമർ കെയർ സെന്ററുകളിലെ കനത്ത തിരക്ക് പരിഗണിച്ച്, ടിക്കറ്റ് ബുക്കിങ്ങുകളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റോ മൊബൈൽ ആപ്പോ ഉപയോഗിക്കണമെന്നും വിമാനക്കമ്പനി നിർദ്ദേശിച്ചു. ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.
