വേനൽക്കാലത്ത് ടയർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കൂടാം; മുന്നറിയിപ്പുമായി അബുദാബി പോലീസ്
യുഎഇയിൽ വേനൽച്ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ, വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകി. കാലാവധി കഴിഞ്ഞതോ നിലവാരമില്ലാത്തതോ ആയ ടയറുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വേനൽക്കാല അപകടങ്ങൾ കുറയ്ക്കുന്നതിനായി പോലീസ് ആരംഭിച്ച ‘സുരക്ഷിത വേനൽക്കാലം’ എന്ന പ്രത്യേക ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.
അന്തരീക്ഷ താപനില ഉയരുമ്പോൾ മോശം ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിക്കാനും, അതുവഴി വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് ഗുരുതരമായ ദുരന്തങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർമാരിൽ കൂടുതൽ ജാഗ്രത വളർത്തുന്നതിനായി, ടയർ പൊട്ടിത്തെറിച്ച് റോഡുകളിൽ മുൻപുണ്ടായ ഭയപ്പെടുത്തുന്ന അപകടങ്ങളുടെ ദൃശ്യങ്ങൾ മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
- ടയറുകളുടെ നിർമ്മാണ തീയതിയും കാലാവധിയും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക.
- ടയറുകളിൽ കമ്പനി നിർദ്ദേശിച്ചിട്ടുള്ള അളവിൽ മാത്രം വായുമർദ്ദം (Air Pressure) നിലനിർത്തുക.
- വാഹനങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റാതിരിക്കാൻ ജാഗ്രത പാലിക്കുക.
- നേരിയ രീതിയിൽ തേയ്മാനം സംഭവിച്ചതോ കേടുപാടുകൾ ഉള്ളതോ ആയ ടയറുകൾ ഒട്ടും വൈകാതെ തന്നെ മാറ്റുക.
