കുവൈത്തിൽ ഡോക്ടർ ആകാൻ ഇനി നാഷണൽ പരീക്ഷ പാസാകണം; നിയമനങ്ങളിൽ വൻ പരിഷ്കാരവുമായി ആരോഗ്യ മന്ത്രാലയം

  1. Home
  2. International

കുവൈത്തിൽ ഡോക്ടർ ആകാൻ ഇനി നാഷണൽ പരീക്ഷ പാസാകണം; നിയമനങ്ങളിൽ വൻ പരിഷ്കാരവുമായി ആരോഗ്യ മന്ത്രാലയം

  doctor


രാജ്യത്തെ ആരോഗ്യസേവനങ്ങളുടെ നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ നിയമനത്തിൽ കർശന പരിഷ്കാരങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. 2026-ലെ 75-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, ഡോക്ടർമാരുടെ നിയമനത്തിന് ഇനിമുതൽ ദേശീയതലത്തിലുള്ള ലൈസൻസിങ് പരീക്ഷകൾ നിർബന്ധമാക്കി. 2027 ജനുവരി 1 മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

റെസിഡന്റ് ഡോക്ടർ, രജിസ്റ്റേർഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമിതരാകാൻ പുതുതായി പഠിച്ചിറങ്ങുന്ന ഡോക്ടർമാർ ഇനിമുതൽ യോഗ്യതാ പരീക്ഷ പാസായിരിക്കണം. ഹ്യൂമൻ മെഡിസിൻ ബിരുദധാരികൾ KMLE (Kuwaiti Medical Licensing Examination) പരീക്ഷയും, ഡെന്റിസ്ട്രി ബിരുദധാരികൾ KDLE (Kuwaiti Dental Licensing Examination) പരീക്ഷയുമാണ് എഴുതേണ്ടത്. പരീക്ഷകളുടെ മേൽനോട്ടത്തിനായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻസിന് കീഴിൽ പ്രത്യേക 'കുവൈത്ത് എക്സാമിനേഷൻ കൗൺസിൽ' രൂപീകരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി ജനറലിനായിരിക്കും ഇതിന്റെ അധ്യക്ഷ ചുമതല.

സ്വദേശികളും വിദേശികളുമായ എല്ലാ മെഡിക്കൽ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പുതിയ പരിഷ്കാരത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഡോക്ടർമാർക്ക് ആവശ്യമായ ശാസ്ത്രീയ അറിവും ക്ലിനിക്കൽ വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ചികിത്സാ നിലവാരവും മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രൊഫഷണൽ ലൈസൻസിങ് സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.