ഇന്ന് കഅ്ബയെ പുതിയ 'കിസ്വ' അണിയിക്കും

കഅ്ബയെ പുതിയ പുടവ (കിസ്വ) മുഹറം ഒന്നായ വ്യാഴാഴ്ച അണിയിക്കും. ഇതിന്റെ ചടങ്ങിനുള്ള ഒരുക്കം ഇരുഹറം പ്രസിഡൻസിക്ക് കീഴിൽ ആരംഭിച്ചു. 11 മാസം കൊണ്ടാണ് ഉമ്മുൽ-ജൂദിലെ കിസ്വ നിർമാണശാലയായ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ നിർമാണം പൂർത്തിയായത്. ഹിജ്‌റ 1447ന്റെ തുടക്കമാണ് മുഹറം ഒന്ന്. ആ ദിവസമാണ് എല്ലാവർഷവും പുടവ മാറ്റുന്നത്.
നിർമാണം പൂർത്തിയായ പുതിയ പുടവ കഅ്ബയെ അണിയിക്കാനായി ഈ മാസം ഏഴിനാണ് മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ കഅ്ബയുടെ സുക്ഷിപ്പുകാരൻ അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിക്ക് കൈമാറിയത്. കൈമാറ്റ രേഖയിൽ ഹജ്ജ്, ഉംറ മന്ത്രിയും ഇരുഹറം ജനറൽ പ്രസിഡൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅയും അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിയും ഒപ്പുവെക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച പുലർച്ച തന്നെ കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിൽനിന്ന് പ്രത്യേക ട്രെയിലറിൽ കിസ്വ മക്ക മസ്ജിദുൽ ഹറാമിൽ എത്തിക്കും. ഇതിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് പഴയ കിസ്വയുടെ സ്വർണം പൂശിയ ഭാഗങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ പൂർത്തിയായി. കറുത്ത ശുദ്ധമായ പ്രകൃതിദത്ത പട്ട് ഉപയോഗിച്ചാണ് കിസ്വ നിർമിച്ചിരിക്കുന്നത്. ഇതിന് 14 മീറ്റർ ഉയരവും 12 മീറ്റർ നീളവുമാണുള്ളത്.
മുകളിൽ മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റ് ഉണ്ട്. ഇസ്‌ലാമിക കലാവേലകളാലുള്ള അലങ്കാരങ്ങളിൽ സ്വർണ, വെള്ളി നൂലുകളാൽ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ചതുരാകൃതിയാൽ 16 കഷ്ണങ്ങളായാണ് ഇത് തയാറാക്കിയിട്ടുള്ളത്.
കിസ്വ നിർമാണ പ്രക്രിയയിൽ ജലശുദ്ധീകരണം, കഴുകൽ, നെയ്ത്ത്, പ്രിന്റിങ്, എംബ്രോയിഡറി, അസംബ്ലി, അന്തിമ പരിശോധന തുടങ്ങി ഏഴ് ഘട്ടങ്ങളിലൂടെയാണ് കിസ്‌വ നിർമാണം നടക്കുന്നത്. അസംസ്‌കൃത പട്ടിൽ കറുത്ത ചായം പൂശുന്നതാണ് ആദ്യ പ്രക്രിയ. ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കും. കിസ്വയുടെ ആകെ ഭാരം 1,415 കിലോഗ്രാം ആണ്.