ഷാർജയിൽ പാരമ്പര്യ മത്സ്യബന്ധന മേള; അൽ മാലിഹ് ഫെസ്റ്റിവൽ ഓഗസ്റ്റ് 27 മുതൽ
മൂന്നാമത് 'അൽ മാലിഹ് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ' ഓഗസ്റ്റ് 27 മുതൽ 30 വരെ ദിബ്ബ അൽ ഹിസ്ൻ ദ്വീപിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (SCCI) ദിബ്ബ അൽ ഹിസ്ൻ നഗരസഭയും ചേർന്നാണ് നാലുദിവസം നീളുന്ന പാരമ്പര്യ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ പരമ്പരാഗത കടൽത്തീര സംസ്കാരം സംരക്ഷിക്കുകയും പ്രാദേശിക കച്ചവടക്കാരെ പിന്തുണയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, പരമ്പരാഗത ഉപ്പിട്ട മീൻ (മാലിഹ്) നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കും. പ്രീമിയം മാലിഹ് മാർക്കറ്റ്, പാരമ്പര്യ വിഭവങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണി, കാർഷിക പ്രദർശനം, പരമ്പരാഗത ബോട്ടുകളുടെ പ്രദർശനം എന്നിവയും മേളയിലുണ്ടാകും.
മീൻ ഉപ്പിട്ട് സൂക്ഷിക്കുന്ന വർക്ക്ഷോപ്പുകൾ, ബോട്ട് നിർമാണം, വല നെയ്ത്ത് തുടങ്ങിയ തത്സമയ പ്രദർശനങ്ങളും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചുള്ള സെമിനാറുകളും ദിനംപ്രതി ക്രമീകരിച്ചിട്ടുണ്ട്. അടുത്ത തലമുറയിലേക്ക് സമുദ്ര പാരമ്പര്യം കൈമാറാൻ മേള സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
