അബൂദബിയിൽ നാല് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശം

  1. Home
  2. International

അബൂദബിയിൽ നാല് പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദ്ദേശം

service road collapse


അബൂദബിയിലെ പ്രധാന പാതകൾ ഉൾപ്പെടെ നാല് റോഡുകളിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശൈഖ് സായിദ് പാലം, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് (E20), അൽ ദിയാഫ സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങളുള്ളതെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു.

ശൈഖ് സായിദ് പാലത്തിലും ഇ-20 പാതയിലും ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയും, അൽ ദിയാഫ സ്ട്രീറ്റിലും ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലും ഞായറാഴ്ചയുമാണ് ഗതാഗത നിയന്ത്രണം ബാധകമാകുക. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ അധിക യാത്രാസമയം കണക്കാക്കണമെന്നും, മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് ഗതാഗത സ്ഥിതിയും ബദൽ പാതകളും കൃത്യമായി പരിശോധിക്കണമെന്നും അഭ്യർത്ഥനയുണ്ട്.

ശൈഖ് സായിദ് പാലത്തിൽ അബൂദബിയിലേക്കുള്ള ദിശയിൽ വലതുവശത്തെ ലൈൻ അടച്ചിടുന്നതാണ്. ശനിയാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയായിരിക്കും ഇവിടെ നിയന്ത്രണം. അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) സ്വൈഹാനിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലെയ്നുകൾ അടച്ചിടും; ഇവിടെയും ശനിയാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് സമയക്രമം.

അൽ ദിയാഫ സ്ട്രീറ്റിൽ ഇരുദിശകളിലെയും ഇടതുവശത്തെ രണ്ട് ലെയ്നുകൾ അടച്ചിടുന്നതായിരിക്കും. ഞായറാഴ്ച അർധരാത്രി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് ഈ പാതയിൽ നിയന്ത്രണമുണ്ടാകുക. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷഹാമയിലേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ട് ലെയ്നുകൾ അടച്ചിടും; ഞായറാഴ്ച പുലർച്ചെ ഒന്ന് മുതൽ രാവിലെ ഒൻപത് മണി വരെയാണ് ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.