ഗതാഗത നിയമലംഘനം; ദുബായിൽ പിടിച്ചെടുത്തത് 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും
എമിറേറ്റിലുടനീളം ഗതാഗത നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിൽ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും പിടിച്ചെടുത്ത് ദുബായ് പോലീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA). ആർടിഎ-ദുബായ് പോലീസ് സംയുക്ത സംഘമായ 'പേഴ്സണൽ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റാണ്' സൈക്ലിംഗ് ട്രാക്കുകളിലും പ്രധാന റോഡുകളിലും പരിശോധന നടത്തിയത്.
അനുമതിയില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക, നിശ്ചിത ട്രാക്കുകൾക്ക് പുറത്തുകൂടി ഓടിക്കുക, അമിതവേഗത, ദിശ തെറ്റി സഞ്ചരിക്കുക, ഇ-സ്കൂട്ടറിൽ പിൻസീറ്റിൽ ആളെ കയറ്റുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടി. നിയമലംഘകർക്ക് പിഴ ചുമത്തുകയും വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാർക്കിടയിൽ സുരക്ഷാ സംസ്കാരം വളർത്തുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കുന്നതെന്ന് ആർടിഎ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമിയും ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാനും വ്യക്തമാക്കി. നിശ്ചിത ട്രാക്കുകൾ മാത്രം ഉപയോഗിക്കണമെന്നും ഗതാഗത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
