ഒമാനിൽ ഗതാഗത സംവിധാനങ്ങൾ സുഗമമായി തുടരുന്നു; മസ്‌കത്ത് വഴി യാത്രക്കാരുടെ ഒഴുക്ക്
മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ഒമാനിൽ കര, കടൽ, വ്യോമ ഗതാഗത പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നതായി ഗതാഗത, ആശയവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ഗതാഗത സേവനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ചരക്ക് നീക്കവും ആളുകളുടെ സഞ്ചാരവും സുഗമമായി നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സുൽത്താനേറ്റിന്റെ പ്രവർത്തനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ വിദേശ പൗരന്മാർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഒമാൻ വലിയ തോതിൽ സൗകര്യം ഒരുക്കുന്നുണ്ട്. അയൽ രാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും മൂലം ദുരിതത്തിലായ യാത്രക്കാർക്ക് ഒമാൻ വഴിയുള്ള യാത്ര വലിയ ആശ്വാസമാകുന്നു.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയത്. ആഗോള ഗതാഗത നിയമങ്ങൾക്കും മികച്ച പ്രവർത്തനരീതികൾക്കും അനുസൃതമായാണ് ഒമാനിലെ ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ ഉറപ്പുനൽകുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് സുരക്ഷിതമായ ഒരു ഇടനാഴിയായി ഒമാൻ മാറിക്കഴിഞ്ഞു.
