ബഹ്‌റൈനിൽ കടം തിരിച്ചടക്കാത്തവർക്ക് യാത്രാവിലക്ക് മൂന്ന് വർഷം വരെ നീട്ടാം; ശൂറ കൗൺസിൽ അംഗീകാരം
ബഹ്‌റൈനിൽ കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള യാത്രാവിലക്ക് (Travel Ban) സംബന്ധിച്ച നിയമം കൂടുതൽ കർശനമാക്കുന്നു. നിലവിലുള്ള ഒമ്പത് മാസത്തെ യാത്രാവിലക്ക് കാലാവധി മൂന്ന് വർഷം വരെ നീട്ടാനുള്ള നിയമഭേദഗതിക്ക് ശൂറ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. കടക്കാരന് ബാധ്യതകൾ തീർക്കാൻ മതിയായ ആസ്തിയുണ്ടോ എന്ന് പരിശോധിക്കാൻ ജഡ്ജിമാർക്കും എക്സിക്യൂട്ടർമാർക്കും കൂടുതൽ സമയം നൽകാനാണ് ഈ മാറ്റമെന്ന് നിയമമന്ത്രി നവാഫ് അൽ മഅവ്ദ വിശദീകരിച്ചു.
പുതിയ ഭേദഗതി പ്രകാരം:
- ആദ്യഘട്ടത്തിൽ മൂന്ന് മാസത്തേക്കായിരിക്കും യാത്രാവിലക്ക് ഏർപ്പെടുത്തുക.
- കടം വീട്ടാൻ മാർഗമില്ലെന്ന് ബോധ്യപ്പെടുകയോ, വ്യക്തി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് കാണുകയോ ചെയ്താൽ ഫീസില്ലാതെ തന്നെ ഈ വിലക്ക് മൂന്ന് വർഷം വരെ പുതുക്കാൻ കോടതിക്ക് അധികാരമുണ്ടാകും.
- യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും അന്തിമ നാടുകടത്തൽ (Deportation) ഉത്തരവ് നടപ്പിലാക്കുന്നതിനോ റെസിഡൻസി പെർമിറ്റ് റദ്ദാക്കുന്നതിനോ ഇത് തടസ്സമാകില്ല.
- യാത്രാവിലക്കിനെതിരെ ഏഴ് ദിവസത്തിനുള്ളിൽ കടക്കാരന് കോടതിയിൽ അപ്പീൽ നൽകാൻ അവകാശമുണ്ടാകും.
