ചികിത്സാ പിഴവ്: സൗദിയിൽ മലയാളി നഴ്സിനും ഈജിപ്ഷ്യൻ ഡോക്ടർക്കും കടുത്ത ശിക്ഷ
സൗദി അറേബ്യയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച കേസിൽ മലയാളി നഴ്സിനും ഈജിപ്ഷ്യൻ ഡോക്ടർക്കും മൂന്ന് ലക്ഷം റിയാൽ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ചുമത്തി റിയാദ് അപ്പീൽ കോടതി വിധി. കടുത്ത ശാരീരിക വേദനയെത്തുടർന്ന് ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഈജിപ്ഷ്യൻ സ്വദേശി മരിച്ച സംഭവത്തിലാണ് കോടതി വിധി ശരിവെച്ചത്. രോഗിയുടെ മരണത്തിൽ ഡോക്ടർക്ക് 80 ശതമാനവും മലയാളി നഴ്സിന് 20 ശതമാനവും ഉത്തരവാദിത്തം കോടതി നിശ്ചയിച്ചു. വിധി പ്രകാരം വയനാട് മാനന്തവാടി സ്വദേശിനിയായ നഴ്സ് 60,000 റിയാലും (പതിമൂന്ന് ലക്ഷത്തോളം രൂപ) കോടതിച്ചെലവായി 1,000 റിയാലും അടയ്ക്കണം. ചികിത്സയ്ക്ക് നിർദ്ദേശം നൽകിയ ഡോക്ടർ 2,40,000 റിയാലാണ് മരിച്ചയാളുടെ ആശ്രിതർക്ക് നൽകേണ്ടത്.
രോഗിക്ക് ഡോക്ടർ ശസ്ത്രക്രിയ നിർദേശിക്കുകയും അതിന് മുന്നോടിയായി ആന്റിബയോട്ടിക്കും വേദനസംഹാരിയും കുത്തിവയ്ക്കാൻ നഴ്സിന് നിർദ്ദേശം നൽകുകയുമായിരുന്നു. എന്നാൽ രോഗിയുടെ മുൻകാല മെഡിക്കൽ ചരിത്രമോ അലർജിയോ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല. മരുന്ന് നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധന നടത്തുന്നതിൽ നഴ്സിങ് സ്റ്റാഫും പരാജയപ്പെട്ടു. രോഗിക്ക് അലർജിയുണ്ടെന്ന കാര്യം മെഡിക്കൽ റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇരുവരും അത് ശ്രദ്ധിച്ചില്ല. കുത്തിവയ്പ്പിന് പിന്നാലെ കടുത്ത അലർജി അനുഭവപ്പെട്ട രോഗിയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആരോഗ്യ പ്രൊഫഷണൽ പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 26, 27, 30 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് മൂന്ന് വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ കമ്മിറ്റി കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണാ വേളകളിൽ മലയാളി നഴ്സോ അവരുടെ നിയമപ്രതിനിധിയോ കോടതിയിൽ ഹാജരായിരുന്നില്ല. വിചാരണാ തീയതികൾ അറിയിച്ചിട്ടും കോടതി സ്വീകരിക്കുന്ന തരത്തിലുള്ള യാതൊരു വിശദീകരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തന്റെ മൊബൈലിലേക്ക് അറബിക്കിൽ വന്ന ഔദ്യോഗിക സന്ദേശങ്ങൾ ശ്രദ്ധിക്കാതിരുന്നതാണ് നഴ്സിന് വിനയായത്.
കഴിഞ്ഞ ദിവസങ്ങളിൽ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് തുക പിടിച്ചെടുക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഇവർ തിരിച്ചറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് 2023-ൽ തന്നെ കേസിൽ വിധി വന്നിരുന്നു എന്ന കാര്യം ഇവർ അറിയുന്നത്. നിയമനടപടികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതിരുന്നതിനാൽ വർഷങ്ങളായി കേസിന്റെ പുരോഗതി അറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് നഴ്സ് പറയുന്നു.
