റാസൽഖൈമയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരം; 16,000 കിലോമീറ്റർ പിന്നിട്ടു
എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിൽ റോബോടാക്‌സികളുടെയും റോബോബസുകളുടെയും പരീക്ഷണയോട്ടം തുടരുന്നു. സുപ്രധാനമായ പരീക്ഷണ ഘട്ടത്തിൽ ഇതുവരെ 650 മണിക്കൂറുകളിലായി 16,000 കിലോമീറ്ററിലേറെ ദൂരം ഈ സ്വയംനിയന്ത്രിത വാഹനങ്ങൾ സഞ്ചരിച്ചുകഴിഞ്ഞു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളതിനാലാണ് പരീക്ഷണത്തിനായി അൽ മർജാൻ ദ്വീപിനെ തിരഞ്ഞെടുത്തത്.
ഭാവിയിലെ യാത്രാ ആവശ്യകതകൾ മുൻകൂട്ടി കണ്ട് അത്യാധുനിക സെൻസിങ്, നാവിഗേഷൻ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ഈ ഘട്ടത്തിൽ വിലയിരുത്തിയത്. വിവിധ ഗതാഗത സാഹചര്യങ്ങളിൽ വാഹനങ്ങൾ പുലർത്തുന്ന സുരക്ഷയും വിശ്വാസ്യതയും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഐ.എസ്.ഒ. 26262, ഐ.എസ്.ഒ. 21448 എന്നീ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങളുടെ പ്രവർത്തനം.
താമസക്കാരും സന്ദർശകരും ഈ നൂതന സംവിധാനത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. പൊതു സുരക്ഷയ്‌ക്കൊപ്പം സൈബർ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനും മുൻഗണന നൽകിയാണ് ഗതാഗത അന്തരീക്ഷം ഒരുക്കിയിരിക്കുന്നത്. വരും ഘട്ടങ്ങളിൽ കൂടുതൽ വാഹനങ്ങൾ വിന്യസിക്കാനും എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് റൂട്ടുകൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ സ്മാർട്ട് ഗതാഗത സംവിധാനം സഹായിക്കും.
