താമസ മേഖലകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
താമസ മേഖലകളിൽ ട്രക്കുകളും ഭാരവാഹനങ്ങളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇത്തരം വാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ നിർത്തിയിടാവൂ എന്ന് ഉടമകൾക്കും ഡ്രൈവർമാർക്കും മുനിസിപ്പാലിറ്റി കർശന നിർദേശം നൽകി.
ട്രക്കുകളും മറ്റ് ഭാരവാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്കായുള്ള പാർക്കിങ് സൗകര്യങ്ങൾ ഇല്ലാതാക്കാനും ഗതാഗത തടസ്സമുണ്ടാക്കാനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് കാൽനടയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തുന്നുണ്ട്.
താമസ മേഖലകളുടെ ഭംഗി നഷ്ടപ്പെടുത്തുന്നതിനൊപ്പം പ്രദേശവാസികളുടെ നിത്യജീവിതത്തെയും ഇത്തരം നടപടികൾ ദോഷകരമായി ബാധിക്കുന്നുണ്ട്. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനും നഗരത്തിലെ ക്രമസമാധാനം നിലനിർത്തുന്നതിനും നിശ്ചിത പാർക്കിങ് കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.
