അമേരിക്ക-ഇറാൻ സമാധാന ധാരണാപത്രത്തിൽ ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു

  1. Home
  2. International

അമേരിക്ക-ഇറാൻ സമാധാന ധാരണാപത്രത്തിൽ ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു

us


പശ്ചിമേഷ്യയെ മാസങ്ങളായി യുദ്ധഭീതിയിലാഴ്ത്തിയ പ്രതിസന്ധികൾക്ക് താൽക്കാലിക അറുതിവരുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ചരിത്രപരമായ സമാധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഡിജിറ്റൽ സംവിധാനത്തിലൂടെ ഇരു നേതാക്കളും നേരിട്ടാണ് ഈ താൽക്കാലിക കരാർ അംഗീകരിച്ചത്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിവന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി വീണ്ടും കപ്പൽ ഗതാഗതം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നയതന്ത്ര നീക്കം.

60 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ കരാറിൽ എത്തിച്ചേരുമെന്നാണ് 14 ഇന ധാരണാപത്രത്തിൽ വ്യക്തമാക്കുന്നത്. ലെബനാനിലെ യുദ്ധവിരാമവും ഈ കരാറിന്റെ പ്രധാന ഭാഗമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിൽ ഒപ്പുവെക്കൽ ചടങ്ങുകൾക്കായി നാളെ ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ജനീവയിൽ ഒത്തുചേരും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്രംപ് കരാറിൽ ഒപ്പുവെക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ നീക്കത്തെ സ്വാഗതം ചെയ്തു. ആഗോള വിപണിയിൽ എണ്ണവില കുറയാൻ ഈ കരാർ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഹിസ്ബുല്ല തലവൻ നയീം ഖാസിം ഈ കരാറിനെ ഒരു വലിയ വിജയമെന്ന് വിശേഷിപ്പിച്ചു.

എന്നാൽ, ഈ ധാരണാപത്രം ഇസ്രായേലിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയോ ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദനമോ തടയാൻ ഈ കരാറിൽ കൃത്യമായ വ്യവസ്ഥകളില്ലെന്നാണ് ഇസ്രായേലിന്റെ ആക്ഷേപം. ലബനാനിൽ നിന്ന് പൂർണ്ണമായി പിന്മാറാൻ ഇസ്രായേൽ താല്പര്യം കാണിക്കുന്നില്ലെങ്കിലും ട്രംപിനെ പിണക്കാതിരിക്കാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കടുത്ത സമ്മർദ്ദത്തിലാണ്.

14 ഇന ധാരണാപത്രത്തിലെ വ്യവസ്ഥകൾ

  • യുദ്ധവിരാമം: ലെബനാൻ ഉൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടിയും ശാശ്വതമായും അവസാനിപ്പിക്കുക. പരസ്പരം യാതൊരുവിധ ആക്രമണങ്ങളും പാടില്ല.
  • പരമാധികാരം മാനിക്കുക: ഇരുരാജ്യങ്ങളും പരസ്പരമുള്ള പരമാധികാരത്തെയും അതിർത്തികളെയും ബഹുമാനിക്കുക. ആഭ്യന്തര കാര്യങ്ങളിൽ ഒരുതരത്തിലുമുള്ള ഇടപെടലുകൾ പാടില്ല.
  • അന്തിമ കരാർ സമയം: പരമാവധി 60 ദിവസങ്ങൾക്കുള്ളിൽ അന്തിമ സമാധാന കരാറിൽ എത്തിച്ചേരാൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണ് (പരസ്പര സമ്മതത്തോടെ ഈ സമയം നീട്ടാവുന്നതാണ്).
  • നാവിക ഉപരോധം പിൻവലിക്കൽ: അമേരിക്ക ഇറാനെതിരെയുള്ള നാവിക ഉപരോധം ഉടൻ അവസാനിപ്പിക്കുകയും, 30 ദിവസത്തിനകം കപ്പൽ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യും.
  • അന്തിമ കരാറിന് ശേഷം 30 ദിവസത്തിനകം ഇറാന്റെ സമീപപ്രദേശങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കും.
  • ഹോർമുസ് കടലിടുക്ക് തുറക്കൽ: പേർഷ്യൻ ഗൾഫ് മുതൽ ഒമാൻ കടൽ വരെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിന് ഇറാൻ 60 ദിവസത്തേക്ക് യാതൊരു സാമ്പത്തിക ഈടാക്കലുകളുമില്ലാതെ അനുമതി നൽകും.
  • പുനർനിർമാണ ഫണ്ട്: ഇറാന്റെ പുനർനിർമാണത്തിനും സാമ്പത്തിക വികസനത്തിനുമായി പ്രാദേശിക പങ്കാളികളുമായി ചേർന്ന് കുറഞ്ഞത് 300 ബില്യൺ യുഎസ് ഡോളറിന്റെ ഒരു സമഗ്ര സാമ്പത്തിക പാക്കേജ് അമേരിക്ക രൂപീകരിക്കും.
  • ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമേൽ നിലവിലുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും ഉൾപ്പെടെയുള്ള എല്ലാ ഉപരോധങ്ങളും അന്തിമ കരാറിലെ സമയക്രമം അനുസരിച്ച് അമേരിക്ക പൂർണമായി പിൻവലിക്കും.
  • ആണവപദ്ധതികളിലെ തീരുമാനം: സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഭാവിയും ഇറാന്റെ ആണവ ആവശ്യങ്ങളും അന്തിമ കരാറിൽ കൃത്യമായി നിർവചിക്കും. തങ്ങൾ ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഈ ധാരണാപത്രത്തിൽ ഉറപ്പുനൽകുന്നു.
  • തൽസ്ഥിതി തുടരൽ: അന്തിമ കരാർ ഒപ്പുവെക്കുന്നത് വരെ നിലവിലെ തൽസ്ഥിതി തുടരും. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ വികസിപ്പിക്കില്ല, അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ മേഖലയിൽ സൈനിക വിന്യാസം വർധിപ്പിക്കുകയോ ഇല്ല.
  • എണ്ണ കയറ്റുമതിക്കുള്ള ഇളവുകൾ: ഉപരോധങ്ങൾ പൂർണമായി നീക്കുന്നത് വരെ, ഇറാന്റെ അസംസ്കൃത എണ്ണ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അതുമായി ബന്ധപ്പെട്ട ബാങ്കിങ്-ഇൻഷുറൻസ് സേവനങ്ങൾക്കുമായി യുഎസ് ട്രഷറി വകുപ്പ് ഉടൻ തന്നെ പ്രത്യേക ഇളവുകൾ നൽകും.
  • മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകൽ: ചർച്ചകളുടെ പുരോഗതിയുടെ അടിസ്ഥാനത്തിൽ, അന്താരാഷ്ട്ര തലത്തിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ഫണ്ടുകളും ആസ്തികളും സ്വതന്ത്രമാക്കുകയും ഇറാന്റെ സെൻട്രൽ ബാങ്കിന് അവ ഉപയോഗിക്കാൻ പൂർണ അനുമതി നൽകുകയും ചെയ്യും.
  • അന്തിമ കരാർ ചർച്ചകൾ: 4, 5, 10, 11 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബാക്കി കാര്യങ്ങളിൽ അന്തിമ കരാറിനായുള്ള ചർച്ചകളിലേക്ക് ഇരു രാജ്യങ്ങളും കടക്കും.
  • സമാധാന ഉടമ്പടിയുടെ ബാധ്യത: മേഖലയിലെ സ്ഥിരതയും സമാധാനവും മുൻനിർത്തി, ഒപ്പുവെച്ച ഈ വ്യവസ്ഥകൾ പൂർണമായും പാലിക്കാൻ രണ്ട് രാജ്യങ്ങളും തങ്ങളുടെ സഖ്യകക്ഷികൾക്കൊപ്പം ബാധ്യസ്ഥരായിരിക്കും.