ജി-7 ഉച്ചകോടിക്കിടെ നടത്തിയ ബോസ് പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

  1. Home
  2. International

ജി-7 ഉച്ചകോടിക്കിടെ നടത്തിയ ബോസ് പരാമർശത്തിൽ വിശദീകരണവുമായി ട്രംപ്

trump


 

ജി-7 ഉച്ചകോടിക്കിടെ നടത്തിയ ബോസ് പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഞാൻ ആണ് ബോസ്’ എന്ന് പറഞ്ഞത് വെറുമൊരു തമാശയായിട്ടാണെന്നും അല്ലാതെ ഗൗരവകരമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ അവസാന ദിവസം ലോകനേതാക്കൾ എല്ലാവരും ഇരുന്നിരുന്ന മുറിയിലേക്ക് നടന്നു വരുമ്പോഴായിരുന്നു ട്രംപിന്റെ പരാമർശം.

'ദി ആക്സിയോസ് ഷോ'യിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "'ഞാനാണ് ബോസ്' എന്ന് നിങ്ങൾ പറഞ്ഞു. എത്ര പേർ അത് വിശ്വസിച്ചു?" അവതാരകൻ ചോദിച്ചു. "എല്ലാവരും, പക്ഷേ ഞാൻ വെറുതെ തമാശ പറയുകയായിരുന്നു." എന്നായിരുന്നു ട്രംപിന്റെ മറുപടി. ലോകനേതാക്കൾ ഇരിക്കുന്ന മുറിയിലേക്ക് കടന്നു വന്നപ്പോൾ പെട്ടെന്ന് തോന്നിയ ഒരു തമാശ മാത്രമായിരുന്നു അതെന്നും, അത് ഇത്ര വലിയ ചർച്ചയാകുമെന്ന് കരുതിയില്ലെന്നും ട്രംപ് പറഞ്ഞു. താൻ തമാശക്കാരനാകാനാണ് ശ്രമിച്ചതെന്നും ആധിപത്യം സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ തമാശയായി പറഞ്ഞ ഒരു കാര്യം ഇത്രയധികം ആഗോള ശ്രദ്ധ നേടുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ട്രംപ് പറഞ്ഞു. പ്രമുഖ രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ താൻ നടത്തിയ ഈ തമാശ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ്. എല്ലാവരും അറിയപ്പെടുന്ന നേതാക്കളാണെന്നും അവർക്കിടയിലേക്ക് വന്നപ്പോൾ തമാശ രൂപേണ പറഞ്ഞ കാര്യമാണിതെന്നും ട്രംപ് വിശദീകരിച്ചു.

ട്രംപിന്റെ ഈ പ്രസ്താവനയെ മറ്റ് രാജ്യത്തലവന്മാർ വളരെ ലളിതമായിട്ടാണ് സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ തമാശയെ നല്ല രീതിയിൽ ഉൾക്കൊള്ളുകയും ചിരിച്ചുകൊണ്ട് "സുഖമാണോ?" എന്ന് ട്രംപിനോട് ചോദിക്കുകയും ചെയ്തു.