ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് ട്രംപ്

  1. Home
  2. International

ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് ട്രംപ്

trump


 

ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യ-പാക് സംഘർഷം ഒരു ആണവയുദ്ധത്തിൽ കലാശിക്കുമായിരുന്നു എന്നും താൻ നോബൽ സമാധാന സമ്മാനത്തിന് അർഹനാണെന്നും ട്രംപ് അവകാശപ്പെട്ടു.

യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ നേരിട്ട് അഭിനന്ദിച്ചതായും ട്രംപ് അവകാശപ്പെട്ടു. 30 മുതൽ 50 ദശലക്ഷം വരെ ആളുകളുടെ ജീവൻ ട്രംപ് രക്ഷിച്ചു എന്നാണ് ഷെരീഫ് പറഞ്ഞതെന്നും, യഥാർത്ഥത്തിൽ അതിലധികം പേരെ താൻ രക്ഷിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഉപരോധം ഭീഷണിപ്പെടുത്തിയാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചതെന്നാണ് ട്രംപിന്റെ വാദം. യുദ്ധം തുടരുകയാണെങ്കിൽ ഇന്ത്യക്കും പാകിസ്താനും മേൽ 200 ശതമാനം കസ്റ്റംസ് തീരുവ ചുമത്തുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി. തന്റെ സവിശേഷമായ വ്യക്തിപ്രഭാവം കൊണ്ട് ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നോബൽ സമ്മാനം ലഭിച്ച മറ്റാരെക്കാളും ഈ പുരസ്കാരത്തിന് അർഹൻ താനാണെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ഇന്ത്യ ട്രംപിന്റെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. തീവ്രവാദ താവളങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളെ തുടർന്നുണ്ടായ സാഹചര്യം ലഘൂകരിക്കാൻ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദത്തിൽ കഴമ്പില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർനേരിട്ട് നടത്തിയ ചർച്ചകളിലൂടെയാണ് വെടിനിർത്തൽ സാധ്യമായതെന്ന് ഇന്ത്യ പറഞ്ഞു. പാകിസ്താനുമായുള്ള ഏത് പ്രശ്നവും മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ പരിഹരിക്കൂ എന്നാണ് ഇന്ത്യൻ നിലപാടെന്നും അധികൃതർ വ്യക്തമാക്കി.