ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി, എണ്ണവില 104 ഡോളർ കടന്നു

  1. Home
  2. International

ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി, എണ്ണവില 104 ഡോളർ കടന്നു

  trump 


പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധാന്തരീക്ഷം കടുപ്പിച്ച് ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായും തള്ളി. ഇറാന്റെ പ്രതികരണം അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ ട്രംപ്, കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇത് ഇനിയും അനുവദിക്കില്ലെന്നും ആഞ്ഞടിച്ചു. ഇറാനെതിരെ സ്വീകരിക്കേണ്ട അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ടെലിഫോണിൽ സംസാരിച്ചു. ഇറാനുമായുള്ള ചർച്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണമെന്നുമായിരുന്നു ഇറാന്റെ പ്രധാന ആവശ്യം. അമേരിക്ക ആക്രമിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകിയാൽ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിർത്തിവെക്കാമെന്നും, 30 ദിവസത്തിനുള്ളിൽ മരവിപ്പിച്ച ആസ്തികൾ കൈമാറിയാൽ ആണവ ചർച്ചകൾ പുനരാരംഭിക്കാമെന്നും ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഉപാധികൾ ഇറാന് സഹായകരമാകുമെന്നും താൻ അതിന് തയ്യാറല്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

അമേരിക്കൻ പ്രസിഡന്റിന്റെ കടുത്ത നിലപാട് ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളർ എന്ന നിരക്ക് കടന്നു. ഒറ്റ ദിവസം കൊണ്ട് എണ്ണവിലയിൽ മൂന്ന് ശതമാനത്തിലേറെ വർധനവാണ് ഉണ്ടായത്. അമേരിക്ക മുന്നോട്ട് വെച്ച 14 ഇന നിർദ്ദേശങ്ങൾക്ക് ഇറാൻ നൽകിയ മറുപടി തള്ളപ്പെട്ടതോടെ മേഖലയിൽ സംഘർഷ സാധ്യത വർധിച്ചു. തങ്ങളെ ആക്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് ഇറാൻ കൂടി മുന്നറിയിപ്പ് നൽകിയതോടെ ലോകം ആശങ്കയോടെ പശ്ചിമേഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്.