ഇസ്രായേലിന്റെ എതിർപ്പ് തള്ളി ട്രംപ്; തുർക്കിക്കുമേലുള്ള ഉപരോധം നീക്കും, എഫ്-35 യുദ്ധവിമാനങ്ങൾ നൽകിയേക്കും

  1. Home
  2. International

ഇസ്രായേലിന്റെ എതിർപ്പ് തള്ളി ട്രംപ്; തുർക്കിക്കുമേലുള്ള ഉപരോധം നീക്കും, എഫ്-35 യുദ്ധവിമാനങ്ങൾ നൽകിയേക്കും

trump


റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്ന് തുർക്കിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള തുർക്കിയുടെ ശ്രമങ്ങൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്. നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ അങ്കാറയിലെത്തിയ ട്രംപ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുർക്കിക്കുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനുള്ള നടപടികളുമായി കാബിനറ്റ് ഉദ്യോഗസ്ഥർ മുന്നോട്ടുപോവുകയാണെന്നും എഫ്-35 വിമാനങ്ങൾ നൽകുന്ന കാര്യം തീർച്ചയായും പരിഗണിക്കുമെന്നും ട്രംപ് കൊട്ടാരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2019-ലാണ് തുർക്കിയെ എഫ്-35 സംയുക്ത പദ്ധതിയിൽ നിന്ന് പുറത്താക്കി അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാൻ തുർക്കി ദീർഘകാലമായി ശ്രമിച്ചുവരികയായിരുന്നു. വിഷയത്തിൽ ട്രംപ് വ്യക്തിപരമായി നൽകിയ വാക്കിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഉർദുഗാൻ പ്രതികരിച്ചു.

നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് അത്യാധുനിക യുദ്ധവിമാനങ്ങൾ നൽകുന്നത് മേഖലയിലെ പ്രതിരോധ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും അതിനാൽ വിമാനങ്ങൾ കൈമാറരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ആഴ്ച ആദ്യം അമേരിക്കയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ ആകുലതകൾ തള്ളിക്കൊണ്ടാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനുമായുള്ള യുദ്ധസമയത്ത് തുർക്കി കാണിച്ച വിശ്വസ്തതയെ പ്രശംസിച്ച ട്രംപ്, ഉർദുഗാനുമായുള്ള അടുത്ത സൗഹൃദവും എടുത്തുപറഞ്ഞു.